പൊൻകുന്നം : എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ പാചകക്കാരനായി എം.എൽ.എ. എത്തി. സിനിമാനിർമ്മാതാവും നടനും സംവിധായകനുമൊക്കെയായ മാണി.സി.കാപ്പൻ എം.എൽ.എയാണ് ഇന്നലെ നാട്യങ്ങളില്ലാതെ പാചകക്കാരനായി മാറിയത്. എം.എൽ.എയെ സഹായിക്കാൻ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമംഗല ദേവിയും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടും ഒപ്പം കൂടി. രാവിലെ രാവിലെ 10 ഓടെയായിരുന്നു എലിക്കുളം എം.ജി.എം സ്‌കൂൾ ഓഡിറ്റോറിയത്തിലെ സമൂഹഅടുക്കളയിൽ എം.എൽ.എ.എത്തിയത്. എത്തിയ പാടെ പാചകപ്പുരയിലെത്തി പാചക ജോലിയിൽ ഏർപ്പെടുകയായിരുന്നു. അമ്പരന്ന് നിന്നവരോട് തനിക്ക് പാചകം നന്നായി അറിയാമെന്ന് പറഞ്ഞു. ദിവസേന നൂറ്റമ്പതിലേറെ പൊതിച്ചോറുകൾ പോകുന്ന അടുക്കളയിലെ പാചകത്തിന് നേതൃത്വം നൽകുന്നത് റിട്ട.റവന്യു ഉദ്യോഗസ്ഥനും വീ വൺ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിലാണ്. സന്ദീപ് ലാൽ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.സി.സോണി എന്നിവർ സഹായികളായി കൂടെയുണ്ട്.