പൊൻകുന്നം : ഇനി എന്തു ചെയ്യും? ഒരു ഉദ്ഘാടനം പോലുമില്ല. സമ്പൂർണ്ണ ലോക്ക്ഡൗൺ ഇത്രവലിയ ചതിയായിത്തീരുമെന്ന് രാഷ്ട്രീയക്കാർ സ്വപ്‌നത്തിൽപോലും വിചാരിച്ചതല്ല. നാലും അഞ്ചും ഉദ്ഘാടനങ്ങളും സമ്മേളനങ്ങളും സ്വീകരണങ്ങളും ഉണ്ടായിരുന്നതാണ്. ഇപ്പോൾ എവിടെ ചെന്നാലും ശ്മശാനമൂകത. തിരിതെളിക്കാനും നാട മുറിക്കാനും കല്ലിടാനും കൈതരിക്കുന്നു. ചൊട്ടയിലെ ശീലം ചുടല വരെ എന്നു പറയുംപോലെയാണ് കാര്യങ്ങൾ. സമ്പൂർണ്ണ ലോക്ക്ഡൗണായാലും ഞങ്ങൾക്ക് ഉദ്ഘാടനം നടത്തിയേ പറ്റൂ എന്ന വാശിയാണ് ചില നേതാക്കൻമാക്ക്. കൊവിഡ് 19 നെ ഭയപ്പെട്ടിരിക്കുന്ന നാട്ടുകാരെ ആശ്വസിപ്പിക്കുന്ന ഉദ്ഘാടനമങ്ങു നടത്തി ഒരു നേതാവ് പരിവാരങ്ങളോടൊപ്പം ഫോട്ടോയ്ക്ക് പോസ്‌ചെയ്തു. ഇതൊരു തുടക്കമായിരുന്നു. പിന്നെക്കണ്ടത് ഉദ്ഘാടനങ്ങളുടെ പൊടിപൂരം. ഉദ്ഘാടനത്തിന് പ്രത്യേക കാരണമൊന്നും വേണ്ട. വല്ലഭന് പുല്ലും ആയുധം. കാഞ്ഞിരപ്പള്ളിയിൽ പൊരിവെയിലത്ത് പണിയെടുക്കുന്ന പൊലീസുകാർക്ക് സംഭാരം നൽകുന്നതിന്റെ ഉദ്ഘാടനം മൂത്ത നേതാവ് നടത്തിയപ്പോൾ യൂത്തൻമാരും വിട്ടുകൊടുത്തില്ല.സമൂഹ അടുക്കള എല്ലാ പഞ്ചായത്തിലും തുടങ്ങിയപ്പോൾ ഉദ്ഘാടനം ചെയ്യാൻ മുട്ടിനിൽക്കുന്നവർക്ക് അതുമൊരു കാരണമായി.ഒരു പഞ്ചായത്തിൽ അടുക്കള ഒന്നേ ഉള്ളു.അതിന്റെ ഉദ്ഘാടനം പ്രസിഡന്റിന് അവകാശപ്പെട്ടതാണ്.പിന്നെ മെമ്പർമാരുടെ ഊഴമായിരുന്നു. ഓരോ വാർഡിലേയും ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനം അതാത് മെമ്പർമാരും ഏറ്റെടുത്തു.സംഘടനകളുടെ പേരിൽ സാനിറ്റൈസറും മാസ്‌കും ഗ്ലൗസുമൊക്കെ നൽകി ഇപ്പോൾ നേതാക്കൾ സ്വയം ഉദ്ഘാടിച്ചു കളിക്കുകയാണ്.കനമുള്ള ഒരു ഉദ്ഘാടനവും സ്വീകരണവുമൊക്കെ ഇനി എന്നാണാവോ കിട്ടുക. അതുവരെ ഈ ഉദ്ഘാടന മാമാങ്കം തുടരും.