അടിമാലി: നാട്ടിലിറങ്ങിയ മ്ളാവ് ഭയന്നോടി, ഒടുവിൽ ദാരുണാന്ത്യം..ഇന്നലെ രാവിലെ സമീപത്തായുള്ള വനമേഖലയിൽ നിന്നും മ്ലാവ് അടിമാലി ടൗണിൽ ഇറങ്ങിയത്.നായ്ക്കളെ കണ്ട് ഭയന്നോടിയ മ്ലാവ് ടൗണിനോട് ചേർന്നുള്ള പൊളിഞ്ഞപാലം ഭാഗത്തെത്തി.സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തിയതോടെ മ്ലാവ് സ്വകാര്യ വ്യക്തിയുടെ വീടിന് പിറകിൽ നിലയുറപ്പിച്ചു.മ്ലാവിനെ ടൗണിനോട് ചേർന്നുള്ള കൈതച്ചാൽ വനമേഖലയിലേക്ക് കയറ്റിവിടാൻ ശ്രമം നടത്തിയെങ്കിലും സമീപത്തെ കൃഷിയിടത്തിലൂടെ ചുറ്റിത്തിരിഞ്ഞ മ്ലാവിന് പിന്നീട് അന്ത്യം സംഭവിച്ചു.നായ്ക്കൾ ആക്രമിച്ചതു പോലുള്ള മുറിവ് മ്ലാവിന്റെ ശരീരത്തിലുണ്ടായിരുന്നതായും പെട്ടന്നുണ്ടായ ഭയത്താൽ ഹൃദയാഘാതം സംഭവിച്ചതാകാം മ്ലാവിന്റെ മരണത്തിന് ഇടയാക്കിയതെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എം വിജയൻ പറഞ്ഞു.മ്ലാവിന്റെ ശരീരം മുൻകരുതലുകൾ കൈകൊണ്ട് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തന്നെ സംസ്‌ക്കരിച്ചു.