കോട്ടയം : പരിശോധിച്ച ഫലങ്ങളെല്ലാം നെഗറ്റീവ്. ചികിത്സയിലും ഇനിയാരുമില്ല. ലോകം മുഴുവൻ കൊവിഡ് ഭീഷണിയിൽ കഴിയുമ്പോൾ രോഗവിമുക്ത ജില്ലയാണ് ഇപ്പോൾ കോട്ടയം. മറ്റ് നെഗറ്റീവ് ഫലങ്ങൾ വരുമ്പോൾ കോട്ടയം പോസിറ്റീവാകുകയാണ്. രോഗബാധയിൽ ചികിത്സയിലുണ്ടായിരുന്ന നഴ്സ് രേഷ്മ മോഹൻദാസ് കൂടി ആശുപത്രി വിട്ടതോടെ ജില്ലയിൽ നിലവിൽ ഒരാൾക്ക് പോലും രോഗമില്ല. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾ സുഖമായി മടങ്ങിയതും ജില്ലയ്ക്ക് അഭിമാന നേട്ടമായി.
ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് ചെങ്ങളം സ്വദേശികളായ ദമ്പതികൾക്ക് രോഗം ബാധിച്ചത്. റാന്നി സ്വദേശികളായ വൃദ്ധദമ്പതികളെ ചികിത്സിയ്ക്കുന്നതിനിടെ നഴ്സ് രേഷ്മയ്ക്കും രോഗം ബാധിച്ചു. ഇവർ മൂന്ന് പേരും സുഖമായി മടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ ജാഗ്രതയും കരുതലുമാണ് വലിയ വിപത്തിൽ നിന്ന് ജില്ലയെ മോചിപ്പിച്ചത്. ഇപ്പോൾ ഒരാൾ മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഈ ഫലം വന്നിട്ടില്ല.
ജില്ലയിൽ രോഗ വിമുക്തരായവർ ആകെ : 3
ആശുപത്രി ചികിത്സയിലുള്ളവർ : 0
ഇന്നലെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ : 1
ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്നലെ ഒഴിവാക്കപ്പെട്ടവർ : 3
ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർ : 14
ഹോം ക്വാറന്റൈനിൽനിന്ന് ഇന്നലെ ഒഴിവാക്കപ്പെട്ടവർ : 67
ഹോം ക്വാറന്റൈനിൽ കഴിയുന്നവർ ആകെ : 3251
ജില്ലയിൽ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ : 273
നെഗറ്റീവ് 243, ലഭിക്കാനുള്ളത് : 27
ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ : 16
പ്രൈമറി കോൺടാക്ടുകൾ ആകെ : 130
സെക്കൻഡറി കോൺടാക്ടുകൾ ആകെ : 66
മെഡിക്കൽ സംഘം പരിശോധിച്ച അന്യസംസ്ഥാന തൊഴിലാളികൾ : 2918