അടിമാലി: അന്യസംസ്ഥാന തൊഴിലാളികൾ ഗ്രാമ പഞ്ചായത്തുകൾക്ക് ബാദ്ധ്യതയായി. അടിമാലി ഗ്രാമപഞ്ചായത്തിൽ എഴുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളാണുള്ളത് .ഇവരിൽ ഏറിയ പങ്കും കരാർ തൊഴിലാളികളാണ്. വർഷങ്ങളായി ഇവർ അടിമാലി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വിവിധ കോൺട്രാക്ടർമാരുടെ കീഴിൽ പണിയെടുക്കുന്നവരാണ്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് ആദ്യ രണ്ട് മൂന്നു ദിവസം ഇവർക്കുള്ള ഭക്ഷണ കാര്യങ്ങൾ കോൺട്രാക്ടർമാർ നോക്കി. തുടർന്ന് കോൺട്രാക്ടർമാർ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് .ഇതിനെ തുടർന്ന് ഇവർ കൂട്ടത്തോടെ പഞ്ചായത്തിന്റെ ഭക്ഷണ കിറ്റിനായി എത്തി.പഞ്ചായത്ത് മറ്റുള്ളവരിൽ നിന്നും ലഭിച്ച അരിയും മറ്റ് പലവ്യഞ്ജനങ്ങളും അവർക്ക് നൽകി പോന്നു. അവസരം മുതലാക്കി കോൺട്രാക്ടർമാർ ഇവരെ കൂട്ടത്തോടെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പറഞ്ഞു വിടുകയാണന്നാണ് ആക്ഷേപം.ഈ നില തുടർന്ന് പോകാൻ കഴിയില്ലെന്ന് പഞ്ചാത്ത് സെക്രട്ടറി കെ.എൻ സഹജൻ പറഞ്ഞു. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന സാമൂഹ്യ കിച്ചണിൽ നിന്ന് 175 ഓളം ആളുകൾക്ക് മൂന്നു നേരം ഭക്ഷണം എത്തിച്ചു നല്കുന്നുണ്ട്. അതിനാൽ അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ കോൺട്രാക്ടർ ഭക്ഷണം കൊടുക്കുന്നതിനുള്ള ക്രമീകരണം നടത്തണമെന്ന ആവശ്യം ശക്തമാണ്
പഞ്ചായത്തുകൾ പിടിച്ച പുലിവാല്
അന്യസംസ്ഥാന തൊഴിലാളികളെ അതിഥികളായി പരിഗണിച്ച് അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യണമെന്ന സർക്കാർ നിർദേശം പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയായിരിക്കുകയാണ്. സാമൂഹ്യ അടുക്കളവഴി അശരണർക്കും രോഗികളായവർക്കുമുൾപ്പടെ ഭക്ഷണം നൽകുന്നതിന് വിഭവസമാഹരണം നടത്തുന്നതിനിടെ നൂറ്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യവും കൂടി നോക്കേണ്ടതായിവരുന്നതാണ് ഏറെ ദുരിതത്തിലാക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച്ചവരുത്തിയാൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നതിനാൽ പല പഞ്ചായത്ത് അധികൃതരും നാമമാത്രമായ തനത് ഫണ്ടിൽനിന്ന്കൂടി പണമെടുത്ത് അന്യസംസ്ഥാന തൊഴിലാളികളെ തൃപ്തിപ്പെടുത്തുകയാണ്. വർഷങ്ങളോളം ഇവിടെ ജോലിചെയ്ത അന്യസംസ്ഥാന തൊഴിലാളികൾ പണംഅപ്പപ്പോൾ നാട്ടിലേക്കയച്ച് കാലിയായ പൊക്കറ്റുമായി കഴിയുമ്പോൾ അവരെ അവഗണിക്കാനുമാകില്ല. ഇവരെ ഇതുവരെ ചൂഷണംചെയ്ത ഇടനിലക്കാർ കളംവിട്ടു. കോൺട്രാക്ടടർമാർ ചിലർ മാനുഷിക പരിഗണനയോടെ അത്യാവശ്യ സഹായം ചെയ്യുന്നുണ്ടെങ്കിലും ഭൂരിഭാഗം കോൺട്രാക്ടർമാരും തിരിഞ്ഞ് നോക്കുന്നില്ല.