പാലാ: നഗരസഭയിലെ കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ മാണി.സി.കാപ്പൻ എം.എൽ.എ. കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാതെ നഗരസഭയുടെ ന്യായവില ഷോപ്പു വഴി ഭക്ഷണവിതരണം നടത്തുന്ന രീതി ശരിയല്ലെന്ന് എം.എൽ.എ വ്യക്തമാക്കി. പാലാ നഗരസഭയുടെ നടപടി സർക്കാർ നയത്തിന് എതിരാണ്. തിരുത്തിയില്ലെങ്കിൽ പാലായിൽ നഗരസഭയെ ഒഴിവാക്കി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കേണ്ടി വരും. പാലായിലെ നടപടി സർക്കാരിനെ അറിയിക്കും. ന്യായവില ഷോപ്പ് ഉപയോഗിച്ചു ഭക്ഷണം തയ്യാറാക്കുന്നതിൽ അപാകതയുണ്ടെന്നും എം.എൽ.എ പറഞ്ഞു. അതേസമയം നഗരസഭ സമൂഹ അടുക്കള സംബന്ധിച്ച് എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ എം.പി., എം.എൽ.എ എന്നിവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് അറിയിച്ചു.ഇക്കാര്യത്തിൽ നഗരസഭയ്ക്ക് ഒരു കടുംപിടുത്തവുമില്ലെന്നും ചെയർപേഴ്‌സൺ വിശദീകരിച്ചു.

പഞ്ചായത്തുകൾ ഓകെ

എലിക്കുളം, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനവും എം.എൽ.എ വിലയിരുത്തി. എലിക്കുളത്ത് കമ്മ്യൂണിറ്റി കിച്ചനു സ്വന്തം കൈയ്യിൽ നിന്നും ധനസഹായം നൽകുകയും ചെയ്തു.

പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനത്തിൽ എം എൽ എ സംതൃപ്തി രേഖപ്പെടുത്തി. ഇതിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരെ അനുമോദിച്ചു.