corona-

കോട്ടയം : തൊണ്ണൂറ്റിമൂന്നുകാരൻ തോമസ് എബ്രഹാമും പ്രിയപത്നി എൺപത്തിയേഴുകാരിയായ മറിയാമ്മ തോമസും കൊവിഡിനെ പൊരുതി തോൽപ്പിച്ചശേഷം ഇന്നലെ കോട്ടയം മെഡിക്കൽ കൊളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കേരളം ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയായിരുന്നു. പ്രായം കൂടിയ ദമ്പതികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കോട്ടയം മെഡിക്കൽ കോളേജിനും അത് ചരിത്രനിമിഷമായിരുന്നു. അറുപതിനു മുകളിൽ പ്രായമുള്ളവരെ ഹൈറിസ്‌ക്ക് രോഗികളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി സ്വദേശികളായ മകന്റെ കുടുംബത്തിൽ നിന്നാണ് ഇവർക്ക് രോഗം പിടിപെട്ടത്. കഴിഞ്ഞ ദിവസം റാന്നി സ്വദേശികൾ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. മാർച്ച് 9 നാണ് തോമസിനെയും മറിയാമ്മയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

പ്രായാധിക്യത്തിനൊപ്പം, ഹൃദ്രോഗം കൂടിയുള്ളതിനാൽ ഡോക്ടർമാർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒരേ മനസോടെ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർ ഇവർക്ക് മികച്ച പരിചരണം ഉറപ്പാക്കി. മെഡിക്കൽ കോളേജ് കവാടത്തിൽ ഹൃദ്യമായ യാത്രഅയപ്പാണ് ഇന്നലെ ഇവർക്ക് ലഭിച്ചത്.

 ഐ.സി.യുവിലും ഒന്നിച്ച് ഭക്ഷണം

ആദ്യം ഐസൊലേഷൻ വാർഡിലേക്കു മാറ്റിയെങ്കിലും, തോമസിന് ഹൃദ്രോഗമുണ്ടെന്നു കണ്ടെത്തിയതോടെ കാർ‌ഡിയോളജി ഐ.സി.യുവിലായിരുന്നു ചികിത്സ. എന്നാൽ ഭാര്യയെ കാണാൻ പറ്റാത്തതിനാൽ തോമസ് അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ ഇരുവരെയും പരസ്‌പരം കാണാൻ കഴിയുന്ന ഐ.സി.യുവിലേക്ക് മാറ്റി. പിന്നെ, ഒന്നിച്ചായി ഭക്ഷണം. പ്രായത്തിനൊപ്പം വാശിയും കൂടിയതോടെ വീടിന് സമീപത്തു നിന്നുള്ള പാൽ വേണം, കാച്ചിൽ വേണം, വീട്ടിൽ പോകണം എന്നൊക്കെയായി. നയത്തിലും തഞ്ചത്തിലും എല്ലാം പറഞ്ഞു മനസിലാക്കിയാണ് ഇവരെ ഡോക്ടർമാർ സമാധാനിപ്പിച്ചത്. ഇടയ്ക്ക് തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നാലു ദിവസം മുൻപാണ് വെന്റിലേറ്ററിൽ നിന്ന് പുറത്തിറക്കിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇരുവരും കൊവിഡ് മുക്തരായെന്ന ഫലം ലഭിച്ചു. രണ്ടു ദിവസം കൂടി നിരീക്ഷണത്തിൽ വച്ച ശേഷമാണ് ഇവരെ ഇന്നലെ യാത്രയാക്കിയത്.

 കൊടുക്കാം, ബിഗ് സല്യൂട്ട്

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ. ജയകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആർ.എം.ഒ. ഡോ. ആർ.പി. റഞ്ജിൻ, എ.ആർ.എം.ഒ. ഡോ. ലിജോ, നഴ്‌സിംഗ് ഓഫീസർ ഇന്ദിര എന്നിവരുടെ ഏകോപനത്തിൽ ഡോ. സജിത്കുമാർ, ഡോ. ഹരികൃഷ്ണൻ, ഡോ. അനുരാജ് തുടങ്ങിയ ഡോക്ടർമാരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 25 നഴ്‌സുമാർ അടക്കം 40 അംഗ ജീവനക്കാരുടെ സംഘമാണ് ദിവസങ്ങളോളം പ്രയത്നിച്ചത്.