കോട്ടയം: ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പടികളിറങ്ങുമ്പോൾ ഒരു യുദ്ധം ജയിച്ച പ്രതീതിയായിരുന്നു രേഷ്മയ്ക്ക്. റാന്നിയിലെ വൃദ്ധദമ്പതികളിൽ നിന്ന് കൊവിഡ് പകർന്ന നഴ്സ് രേഷ്മ പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ മന്ത്രി കെ.കെ. ശൈലജയും ഫോണിലൂടെ ആശംസ അറിയിച്ചു.
ഇനിയും കൊവിഡ് രോഗികളെ പരിചരിക്കാനുള്ള സമ്മതവും കൂടി മന്ത്രിയെ അറിയിച്ച ശേഷമായിരുന്നു മടക്കം.
ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് 19 ബാധിച്ചെന്ന വിവരം കേരളം ഞെട്ടലോടെയാണ് അന്ന് കേട്ടത്.
എന്നാൽ രേഷ്മ പതറിയില്ല, അവർ സധൈര്യം നേരിട്ടു.
മാർച്ച് 12 മുതൽ 22 വരെയായിരുന്നു രേഷ്മയ്ക്ക് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയുണ്ടായിരുന്നത്. വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത നിന്ന് ശുശ്രൂഷിക്കേണ്ടിവന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെയെന്നപോലെ പരിചരിച്ചു. ഡ്യൂട്ടി ടേൺ അവസാനിച്ച ശേഷം രേഷ്മയ്ക്ക് 23ന് ചെറിയ പനിയുണ്ടായി. ഉടൻ തന്നെ ഫീവർ ക്ലിനിക്കിൽ കാണിച്ചു. കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടതിനാൽ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാർച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാൽ മറ്റൊരു ബുദ്ധിമുട്ടുമുണ്ടായില്ല. എറണാകുളം തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് രേഷ്മ മോഹൻദാസ്. ഭർത്താവ് ഉണ്ണികൃഷ്ണൻ എൻജിനിയറാണ്.
14 ദിവസം വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊവിഡ് 19 ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യാൻ തയ്യാറാണ്.നമ്മുടെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാർ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാൽ ആശങ്ക വേണ്ട. കേരളം കൊവിഡിനെ അതിജീവിക്കും''
-രേഷ്മ