പാലാ : ആളും ആരവവുമില്ല. മേളമില്ല. ആകെ നാലാൾ മാത്രം... മന്ത്രമായി ഉയരുന്നത് ദൈവദശകത്തിന്റെ പ്രാർത്ഥനാ ശീലുകൾ. മഹാഗുരുവിനെയും നിലവിളക്കുകളെയും സാക്ഷിയാക്കി സമംഗളം ഒരു വിവാഹം നടന്നു,എസ്. എൻ.ഡി. പി യോഗം വള്ളീച്ചിറ ശാഖയിലെ പ്രാർത്ഥനാലയത്തിൽ. വരൻ തലനാട് തോട്ടത്തിൻ കുടിയിൽ ടി.ആർ. രാജേഷ്. വധു വള്ളീച്ചിറ കൊച്ചുപുരയ്ക്കൽ കെ.ജെ ആതിര. ഒപ്പമുണ്ടായിരുന്നത് വള്ളീച്ചിറ ശാഖാ പ്രസിഡന്റ് ഇഞ്ചാനാൽ ഐ.ഡി.സോമനും, രാജേഷിന്റെ സഹോദരി രാജിയും മാത്രം. ചടങ്ങുകൾ രാജി തന്നെ മൊബൈൽ ഫോണിൽ പകർത്തി. മാഗല്യം മംഗളം ശുഭം !
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കർശന നിയന്ത്രണങ്ങൾ പാലിച്ചത്. താലികെട്ടിനു ശേഷം വധൂവരന്മാർക്കും വരന്റെ സഹോദരിക്കും ശാഖാ പ്രസിഡന്റ് സദ്യയും വിളമ്പി.
തലനാട് തോട്ടത്തിൻ കുടിയിൽ രാജൻ - ഓമന ദമ്പതികളുടെ മകനായ രാജേഷ്, തലനാട്ടിൽ കട നടത്തുന്നു. വള്ളീച്ചിറ കൊച്ചുപുരയ്ക്കൽ ജയ്‌മോൻ - ദീപ്തി ദമ്പതികളുടെ മകളായ ആതിര പാലായിലെ ഒരു വസ്ത്ര വ്യാപാരശാലയിൽ സെയിൽസ് ഗേളാണ്.
ലോക് ഡൗൺ കാരണം വിവാഹം നടക്കുമോ എന്ന് ഇരു വീട്ടുകാർക്കും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, ശാഖാ പ്രസിഡന്റ് മുന്നിട്ടിറങ്ങിയതോടെ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ലളിതമായി വിവാഹം നടന്നു.