കോട്ടയം : സംസ്ഥാനത്തെ ആദ്യ കൊവിഡ് 19 വിമുക്ത ജില്ലയായി കോട്ടയം മാറുമ്പോൾ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നത് മെഡിക്കൽ കോളേജ് ആശുപത്രിയും, ഒരു പറ്റം ജീവനക്കാരുമാണ്. ഇന്നലെ വൈകിട്ട് നാലരയോടെ മെഡ‌ിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്ന് സന്നദ്ധ സംഘടനയായ അഭയത്തിന്റെ ആംബുലൻസിൽ റാന്നിയിലേയ്‌ക്ക് കൊവിഡ് ബാധയിൽ നിന്ന് വിമുക്തി നേടിയ വൃദ്ധദമ്പതിമാ‌‌ർ കൂടി പോയതോടെ അത് ആരോഗ്യകേരളത്തിനും കോട്ടയത്തിനും ചരിത്രനിമിഷമായി.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും ജില്ലാ ഭരണകൂടവും രാഷ്‌ട്രീയ നേതൃത്വവും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് കോട്ടയത്തിന് കൊവിഡിനെ പ്രതിരോധിച്ച് തോല്പിക്കാനായത്. മാ‌ർച്ച് 8 നാണ് ചെങ്ങളം സ്വദേശികളായ കുടുംബത്തെ കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം ഒരു മാരത്തൺ ഓട്ടത്തിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർ ശ്രമിച്ചത്. ഈ ഓട്ടമാണ് ഇന്നലെ അവസാന ലാപ്പിൽ എത്തിയത്.

ഇന്നലെ രാവിലെ റാന്നി സ്വദേശികളായ ദമ്പതിമാരെ ഡിസ്‌ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിനായി ഉച്ചയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. തുട‌ർന്ന്, സ്ഥിതി വിലയിരുത്തി രണ്ടരയോടെ ഇവരെ ഡിസ്‌ചാർജ് ചെയ്യാൻ തീരുമാനിച്ചു. നാലു മണിയോടെ ആശുപത്രിയുടെ മൂന്നാം കവാടത്തിലൂടെ ഇരുവരും വീൽച്ചെയറിൽ പുറത്തേയ്‌ക്ക്. ആശുപത്രിയിലെ ജീവനക്കാരും സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരും ഒപ്പം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും. ആശുപത്രി വളപ്പിൽ നിന്ന് ആംബുലൻസിൽ ദമ്പതിമാരെ റാന്നിയിലേയ്ക്കു തിരിച്ചയച്ചപ്പോൾ എല്ലാവരുടെയും കണ്ണുകളിൽ ആനന്ദക്കണ്ണീർ പൊഴിഞ്ഞു.