വൈക്കം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അന്തിയുറങ്ങാനിടമില്ലാത്തവർക്ക് സുരക്ഷിതത്വത്തിന്റെ മേൽക്കൂരയൊരുക്കി നഗരസഭ. നഗരത്തിൽ ഒരു നേരവും ആരും പട്ടിണിയല്ലെന്ന് ഉറപ്പുവരുത്തി കമ്മ്യൂമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനവും സജ്ജീവമാണ്.
വടക്കേനട ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് മഹാദേവ ക്ഷേത്രപരിസരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്നവർക്കും രാപാർക്കാനിടമല്ലാത്ത ഭിക്ഷാടകരടക്കമുള്ളവർക്കും കഴിഞ്ഞ അഞ്ച് ദിവസമായി നഗരസഭ സുരക്ഷിത താമസമൊരുക്കിയിരിക്കുന്നത്. ഇത് കൊവിഡ് 19 ഭീതി ഒഴിയുംവരെ തുടരും. നൂറിലധികം പേരാണ് ഇവിടെയുള്ളത്. സമീപത്ത് തന്നെ എൻ.എസ്.എസ് ആഡിറ്റോറിയത്തിലാണ് നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. ക്യാമ്പിലേക്കും വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കുമെല്ലാം ഇവിടെ നിന്ന് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്. 258 പേരാണ് നഗരസഭാ പ്രദേശത്ത് നിരീക്ഷണത്തിലുള്ളത്.

ഉറങ്ങാതെ അഗ്‌നി രക്ഷാ സേന

ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ ശുചീകരണം പുരോഗമിക്കുകയാണ്. ട്രഷറി എല്ലാ ദിവസവും വൈകിട്ട് അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കും. പൊലീസ് സ്റ്റേഷനും അണുവിമുക്തമാക്കുന്നുണ്ട്.
പരാശ്രയമില്ലാത്തവർക്ക് മരുന്നും മറ്റ് സഹായങ്ങളും എത്തിക്കുന്നതിൽ വൈക്കം ഫയർ ഫോഴ്‌സ് മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇ-കോമേഴ്‌സ്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് വൈക്കത്ത് ഇ കോമേഴ്‌സിന്റെ സാധ്യതകളുമായി ജെ.സി.ഐ മുന്നിട്ടിറങ്ങിയിട്ടുണ്ട്. www.grabstore.in എന്ന വെബ്‌സൈറ്റ് വഴിയോ 8137946672, 9496320663 എന്ന മൊബൈൽ നമ്പർ വഴിയോ ഓർഡർ നൽകാം. നഗരസഭയുടെ നിർദേശങ്ങൾക്കനുസൃതമായി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹകരണത്തോടെയാണ് ഓൺലൈൻ വ്യാപാരം ഒരുക്കിയിരിക്കുന്നത്.

പ്രതിരോധ മരുന്ന്

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ആരോഗ്യ പ്രവർത്തകർക്കും പൊലീസ് സേനാംഗങ്ങൾക്കും രോഗപ്രതിരോധശേഷിക്കുള്ള ആയൂർവേദ മരുന്നുകൾ വിതരണം ചെയ്തു. വൈക്കം ശ്രീകൃഷ്ണ ആയൂർവേദ ചികിത്സാകേന്ദ്രവും ഗവ. ആയൂർവേദ ആശുപത്രിയും ചേർന്നാണ് പ്രതിരോധ മരുന്ന് കിറ്റുകൾ നൽകുന്നത്.


 രോഗസാധ്യത പരിഗണിച്ച് ഇനിയള്ള ദിവസങ്ങളിലും അതീവ ജാഗ്രതയും കരുതലും ആവശ്യമാണ്. പൊതുജനങ്ങൾക്ക് എന്ത് ആവശ്യങ്ങളുണ്ടെങ്കിലും നഗരസഭയുമായോ പൊലീസ് ഫയർഫോഴ്‌സ് എന്നിവരുമായോ സന്നദ്ധ സേവകരുമായോ ബന്ധപ്പെടണം.

ബിജു .വി .കണ്ണേഴത്ത്
(നഗരസഭ ചെയർമാൻ)