പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കളയിൽ നിന്നുള്ള ഭക്ഷണവിതരണത്തിനെതിരെ വ്യാപകമായ പരാതി. അർഹതപ്പെട്ട പലർക്കും പൊതിച്ചോറ് കിട്ടുന്നില്ലെന്നും അതേസമയം അനർഹർക്ക് ലഭിക്കുന്നു എന്നുമാണ് പരാതി ഉയരുന്നത്. 500 പേർക്കുവരെ ഭക്ഷണം നൽകിയിരുന്നത് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നൂറിൽ താഴെയായി കുറഞ്ഞു. റേഷൻ കടകൾവഴി അരിവിതരണം തുടങ്ങിയതും ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തതുമാണ് പൊതിച്ചോർ വിതരണത്തിന്റെ എണ്ണം കുറയ്ക്കാൻ കാരണം. വാർഡംഗങ്ങൾ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് വിതരണം ചെയ്തപ്പോൾ അനർഹരായ പലരും ലിസ്റ്റിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരക്കാരെയും ഒഴിവാക്കി. ഓരോ പഞ്ചായത്തംഗവും സ്വന്തം വാർഡിൽ കൂടുതൽ പേർക്ക് ഭക്ഷണമെത്തിക്കാൻ മത്സരിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. മറുനാടുകളിൽ നിന്നെത്തി ലോഡ്ജുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന പലരും ഭക്ഷണവും വരുമാനവുമില്ലാതെ പട്ടിണിയിലാണ്. ഇത്തരക്കാരെ കാണാതെയാണ് മെമ്പർമാർ തമ്മിൽ മത്സരിക്കുന്നതെന്നും ആക്ഷേപമുണ്ട്.