പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ ഏഴാം വാർഡിൽ രണ്ട് ക്യാമ്പുകളിൽ കഴിയുന്ന 12 അന്യസംസ്ഥാനത്തൊഴിലാളികൾക്ക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഭക്ഷണം നൽകും. വാർഡംഗം പി.സി. റോസമ്മയുടെ നേതൃത്വത്തിൽ ഇന്നലെ ഇവർക്ക് 15 കിലോഗ്രാം അരിയും അനുബന്ധ സാധനങ്ങളും എത്തിച്ചു നൽകി.
തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിന് റവന്യു അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കരാറുകാരനോ, വീട് വാടകയ്ക്കു നൽകിയവരോ ഭക്ഷണം നൽകണമെന്നും അല്ലാത്ത പക്ഷം വാർഡംഗം സാധനങ്ങൾ വാങ്ങി നൽകണമെന്നുമാണ് തഹസിൽദാർ പറഞ്ഞതെന്ന് പി.സി.റോസമ്മ പറഞ്ഞു.
ചെറിയ രീതിയിൽ കരാർ ജോലികൾ നടത്തുന്നവരുടെ കീഴിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇവർക്ക് എല്ലാ ദിവസവും ഭക്ഷണം ഒരുക്കുക എന്നത് സാമ്പത്തിക കരാറുകാർക്ക് കഴിയില്ലെന്നും റോസമ്മ പറയുന്നു.
എന്നാൽ, അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് ലേബർ ഓഫീസർ എന്നിവർ അംഗങ്ങളായി താലൂക്ക് തല സമിതി പ്രവർത്തിക്കുന്നുണ്ടെന്നും തൊഴിലാളികളെ സംബന്ധിച്ചുള്ള വിവരങ്ങൾ രേഖാമൂലം പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്ന മുറയ്ക്ക് പാകം ചെയ്ത ഭക്ഷണമോ സാധനങ്ങളോ നൽകുകയാണ് ചെയ്യുന്നതെന്നും കാഞ്ഞിരപ്പള്ളി തഹസിൽദാർ ജി.അജിത് കുമാർ പറഞ്ഞു. ചിറക്കടവ് പഞ്ചായത്തിൽ സമൂഹ അടുക്കള നിറുത്തിയ സാഹചര്യത്തിൽ പഞ്ചായത്തിന്റെ ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണ പൊതി വാങ്ങി നൽകുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരത്തിൽ വരുന്ന ചെലവിന്റെ തുക ബിൽ സമർപ്പിക്കുന്ന മുറയ്ക്ക് ലഭിക്കുമെന്നും തഹസിൽദാർ പറഞ്ഞു.