കോട്ടയം : സൗജന്യ അരി വാങ്ങാൻ ഉപഭോക്താക്കൾ തിക്കിത്തിരക്കിയതോടെ റേഷൻകടകളിൽ സ്റ്റോക്കില്ലാതായി. എഫ്.സി.ഐ ഗോഡൗണിൽ അരി സ്റ്റോക്കുണ്ടെങ്കിലും റേഷൻ കടകളിൽ എത്താതായതോടെ പലയിടത്തും കാര്യങ്ങൾ വാക്കേറ്റത്തിലെത്തി. ജില്ലയിൽ 1002 റേഷൻകടകളാണുള്ളത്. കോട്ടയം താലൂക്കിൽ മാത്രം 350 കടകൾ. ചിങ്ങവനം എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സപ്ലൈകോ ഗോഡൗണിൽ എത്തുന്ന അരി അവിടെ നിന്നാണ് റേഷൻകടകളിലേക്ക് വിതരണം ചെയ്യുന്നത്. ദിവസം 15 ലോഡ് അരിമാത്രമാണ് എഫ്.സി.ഐ ഗോഡൗണിൽ നിന്ന് കയറ്റി വിടുന്നത്. ഇത് സപ്ലൈകോ ഗോഡൗണിൽ നിന്ന് ആവശ്യാനുസരണം റേഷൻ കടകളിൽ എത്താത്തതാണ് പ്രശ്നകാരണം.

സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങളിൽ 42 ലക്ഷം കുടുംബങ്ങളും മൂന്ന് ദിവസത്തിനുള്ളിൽ സൗജന്യ റേഷൻ വാങ്ങി. മുന്നൂറ് ആളുകൾ വരെ റേഷൻ കടകളിൽ ഒരു ദിവസം എത്തുന്നു. ബി.പി.എൽ കാർഡിന് 35 കിലോയും മറ്റു കാർഡുടമകൾക്ക് 15 കിലോവീതവും അരി നൽകി തുടങ്ങിയതോടെ നിലവിലെ സ്റ്റോക്ക് തീർന്നു. ഇന്ന് ഞായറാഴ്ചയും കടകൾ തുറക്കണം. എന്നാൽ പാതിയോളം റേഷൻ കടകളിൽ വിതരണം ചെയ്യാൻ അരിയില്ലാത്ത ഗുരുതരസ്ഥിതിയാണുള്ളത്.

ജില്ലയിൽ : 1002 റേഷൻകടകൾ

പ്രശ്ന പരിഹാരം ഇങ്ങനെ

എഫ്.സി.ഐയിൽ നിന്ന് നേരിട്ട് റേഷൻകടക്കാർക്ക് അരി ലഭിച്ചാലേ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകൂവെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ പറഞ്ഞു. മില്ലുകളിൽ നിന്ന് അരി നേരിട്ട് കടക്കാർക്ക് നല്കി പ്രശ്ന പരിഹാരം ഉണ്ടാക്കാം. മന്ത്രി പി.തിലോത്തമനുമായി വിഷയം ചർച്ച ചെയ്തതാണ്. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേക്ക് നേരിട്ട് അരി എത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാടാണ് സപ്ലൈകോ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. വാതിൽപ്പടി വിതരണം ഏറ്റെടുത്ത കരാറുകാരുടെ അനാസ്ഥയും തൊഴിലാളികളുടെയും ലോറികളുടെയും എണ്ണത്തിലുള്ള കുറവുമാണ് റേഷൻവിതരണം സ്തംഭനത്തിലാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവിഭാഗങ്ങൾക്കും പച്ചരി നൽകണം

35 കിലോ അരി ഒരുമിച്ച് ബി.പി.എൽ കാർഡുടമകൾക്ക് നൽകിയതാണ് പ്രതിസന്ധിക്ക് കാരണം. ഒരു മാസം കൊണ്ട് സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കിയാൽ മതിയായിരുന്നു. ഒരാഴ്ച വിതരണം ചെയ്യാനുള്ള ധാന്യങ്ങൾ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യമേ മിക്ക റേഷൻ വ്യാപാരികൾക്കുമുള്ളൂ. എല്ലാ വിഭാഗത്തിലുള്ളവർക്കും പച്ചരി കൂടി വിതരണം ചെയ്യണം

കോട്ടയം പത്മൻ, ആക്ടിവിസ്റ്റ്