കോട്ടയം : കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾക്ക് വിശ്രമകാലമാണ്. ജില്ലയിലെ 1200 ഓളം സ്വകാര്യ ബസുകളും 103 കെ.എസ്.ആർ.ടി.സി ബസുകളുമാണുള്ളത്. മടിപിടിച്ച് ബസുകൾക്കു പണികിട്ടാതിരിക്കാനുള്ള ക്രമീകരണങ്ങളും കെ.എസ്.ആർ.ടി.സി അധികൃതർ ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസുകൾ
രണ്ടു ദിവസത്തിൽ ഒരിക്കൽ നാലു ജീവനക്കാർ സ്റ്റാൻഡിൽ എത്തും. എല്ലാ ബസുകളും ഒരു മണിക്കൂർ സ്റ്റാർട്ട് ചെയ്‌ത് നിറുത്തും. ഇത്തരത്തിൽ ഒരു മണിക്കൂർ ബസുകൾ സ്റ്റാർട്ട് ചെയ്‌ത് നിറുത്തുന്നതിലൂടെ ബാറ്ററി തകരാറിലാകുന്നത് പരിഹരിക്കാൻ സാധിക്കും.
സ്വകാര്യ ബസുകൾ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പല ബസുകളും സ്റ്റാൻഡുകളിൽ അടക്കം നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ ബസുകൾ ഉടമകളുടെ വീടിന് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ബസുകൾ സ്റ്റാർട്ട് ചെയ്‌ത് അനക്കിയിടും. ഇല്ലെങ്കിൽ ബസുകളുടെ റേഡിയേറ്ററിൽ കൂളന്റിന് പകരം വെള്ളം കൂടുതലുണ്ടെങ്കിൽ തുരുമ്പിക്കും. ബാറ്ററി തകരാറിലാകും. ഇത് കൂടാതെ സ്ഥിരമായി തറയോട് ചേർന്നു കിടക്കുന്ന ടയറിന്റെ ഭാഗത്തിനും തകരാർ സംഭവിക്കാം.