കടുത്തുരുത്തി : കൊവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.

ഡോ.കെ.ആർ. നാരായണൻ മെമ്മോറിയൽ ഉഴവൂർ ഗവ. ആശുപത്രിയിൽ ഇരട്ട കംമ്പാർട്ട്മെന്റ് ടൈപ്പ് ബി.എൽ.എസ് ആംബുലൻസ് വാൻ വാങ്ങാനും ഉഴവൂരിൽ സ്പെഷ്യാലിറ്റി വിഭാഗം പ്രവർത്തനം ആരംഭിക്കാൻ ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കുന്നതിനും ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിനും, കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ അഞ്ച് ഓക്സിജൻ സിലിണ്ടറുകളും, സ്റ്റെയിൻലെസ് സ്റ്റീൽ കട്ടിലും ബെഡും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും കടുത്തുരുത്തി സഹകരണ ആശുപത്രിയിലും കടപ്ലാമറ്റം ഗവ. ആശുപത്രിയിലും ആംബുലൻസ് വാൻ വാങ്ങുന്നതിനുമാണ് പണം നീക്കിവയ്ക്കുക.

അറുനൂറ്റിമംഗലം, കൂടല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ആധുനിക ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതും, കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതും കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലി, ഞീഴൂർ പഞ്ചായത്തിലെ കാട്ടാമ്പാക്ക്, കാണക്കാരി, മരങ്ങാട്ടുപിള്ളി, പെരുവ കുറുപ്പന്തറ, വെളിയന്നൂർ എന്നീ ഗവ. ആശുപത്രികളിൽ മുൻഗണന നൽകേണ്ട പ്രധാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വിവിധ പി.എച്ച്.സികളുടെ സമഗ്ര നവീകരണത്തിനും എം.എൽ.എ ഫണ്ട് വിനിയോഗിക്കും.

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടി അനുവദിച്ചിരിക്കുന്ന ഒരു കോടി രൂപയുടെ എം.എൽ.എ ഫണ്ട് ഉപയോഗിക്കുന്നതിന് സ്പെഷ്യൽ സാംഗ്ഷന് മന്ത്രി ഡോ. തോമസ് ഐസക്ക്, ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നിവർക്ക് കത്ത് നൽകിയതായും മോൻസ് ജോസഫ് അറിയിച്ചു.