കോട്ടയം: ഇല്ലിക്കലിൽ മീനച്ചിലാറിന്റെ തീരം ഇടിഞ്ഞ് റോഡ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നു കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പി.ഡബ്യു.ഡി, ഇറിഗേഷൻ വകുപ്പുകൾ തമ്മിൽ ആലോചന ഇല്ലാത്തത് മൂലമാണ് റോഡ് തകരാൻ ഇടയായതെന്നു മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ ആരോപിച്ചു.
ഇല്ലിക്കൽ - തിരുവാർപ്പ് റോഡിൽ ആദ്യം വെള്ളം കയറുന്ന ഭാഗമാണിത്. ഒരു വർഷം മുൻപാണ് ഇവിടെ മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ 19 ലക്ഷം രൂപയോളം ചെലവഴിച്ച് സംരക്ഷ ഭിത്തി നിർമ്മിച്ചത്. ഈ സംരക്ഷണഭിത്തി പര്യാപ്തമല്ലെന്ന് നാട്ടുകാർക്ക് അന്നേ പരാതി ഉണ്ടായിരുന്നു. ഈ ഭാഗത്താണ് ഏകദേശം 1 മീറ്ററോളം ഉയരത്തിൽ റോഡ് ഉയർത്തിയത്. ഈ പ്രവർത്തനത്തിന് ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങാതിരുന്നത് ഗൗരവമുള്ള വിഷയമാണ്.
താഴത്തങ്ങാടി ബസ് അപകടം നടന്ന അറുപുഴ ഭാഗത്ത് നിർമ്മിച്ച രീതിയിലുള്ള സംരക്ഷണ ഭിത്തിയാണ് ഈ ഭാഗത്ത് വേണ്ടത്. ലോക് ഡൗണും ഭാഗ്യവും കൊണ്ട് മാത്രമാണ് ഇവിടെ ഒരു വൻ ദുരന്തം ഉണ്ടാകാതെ പോയത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണം വേണമെന്നും റൂബി ചാക്കോ ആവശ്യപ്പെട്ടു