കോട്ടയം : ലോക്ക് ഡൗൺ കാലത്ത് വ്യാജമദ്യം ഉത്പാദിപ്പിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ കോട എക്‌സൈസ് സംഘം നശിപ്പിച്ചു. കോരുത്തോട് കുഴിമാവ് വനമേഖലയിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിലാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. സാമ്പിൾ ശേഖരിച്ച ശേഷം കോട കാട്ടിൽ ഒഴുക്കിക്കളഞ്ഞു. സമീപത്ത് ആൾപാർപ്പില്ലാത്ത വനമേഖലയിലാണ് വൻ തോതിൽ ചാരായം വാറ്റാനുള്ള നീക്കം നടക്കുന്നത്. എക്സൈസ് കമ്മിഷണറുടെ സക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ കെ.എൻ സുരേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്‌ടർ അനൂപ് വി.പി, പ്രിവന്റീവ് ഓഫീസർമാരായ എം.എസ് അജിത്ത് കുമാർ, റെജി കൃഷ്‌ണ, സിവിൽ എക്സൈസ് ഓഫീസർമാരായ ലാലു തങ്കച്ചൻ, പ്രവീൺ പി നായർ, ജീമോൻ എം എന്നിവർ നേതൃത്വം നൽകി.