കോട്ടയത്തെ കൊവിഡ് മുക്ത ജില്ലയാക്കുന്നതിന് ഉറക്കമൊഴിച്ച് അക്ഷീണ പരിശ്രമം നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും നാട്ടുകാർക്കൊപ്പം നന്ദി പറയുകയാണ് ചുറ്റുവട്ടവും. അതേ സമയം കൊവിഡ് കാലത്ത് ഒന്നിച്ചു നിന്നു മാതൃകയാകേണ്ടതിന് പകരം പരസ്പരം ചെളിവാരിയെറിയുന്ന നേതാക്കളെ ഓർത്ത് ലജ്ജിക്കുകയുമാണ്.
സർക്കാർ ആശുപത്രിയെന്ന് പലരും പരിഹസിക്കുന്നിടത്തെ ചികിത്സയിലാണ് 90 വയസിലുള്ള വൃദ്ധ ദമ്പതികൾ കൊവിഡ് ഭേദമായി എന്ന ലോകത്തെ ആദ്യ സംഭവത്തിന് റെക്കാഡിട്ട് വീട്ടിൽ പോയത്. പ്രായാധിക്യവും മറ്റ് രോഗപീഡകളും കാരണം വെന്റിലേറ്ററിൽ വരെ ആയി മരിക്കുമെന്നു കരുതിയിടത്തു നിന്നായിരുന്നു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. ഇവരെ ചികിത്സിച്ച നഴ്സിന് രോഗം ബാധിച്ചുവെങ്കിലും അവരും ഭേദമായി ഇനിയും കൊവിഡ് രോഗികളെ പരിചരിക്കാൻ എത്തുമെന്നറിയിച്ചാണ് വീട്ടിലേയ്ക്കു പോയത്. ഒരു ടീം വർക്കിന്റെ വിജയമാണ് കോട്ടയം മെഡിക്കൽ കോളേജിനെ ബി.ബി.സി അടക്കം ലോക മാദ്ധ്യമങ്ങളിൽ ശ്രദ്ധേയ സ്ഥാനം നേടിക്കൊടുക്കാൻ കാരണമായത്.
കൊവിഡ് പോലുള്ള മഹാമാരി കോട്ടയത്ത് നിയന്ത്രണ വിധേയമാക്കാൻ സഹായിച്ച നിരവധി പേരുണ്ട്. വിശ്വാസികൾ ഒത്തു കൂടി രോഗം പകരാതിരിക്കാൻ അമ്പലങ്ങളും പള്ളികളും അടച്ചിടാൻ തീരുമാനമെടുത്ത മതസമുദായ നേതാക്കൾക്ക് നന്ദി പറയണം. കുർബാന ഓൺലൈൻ വഴി നടത്തിയവരുണ്ട്. ആരും എതിർത്തില്ല . തിരുനക്കര തേവരുടെ മൂല ബിംബം കാറിൽ കൊണ്ട് പോയി ആറാടിച്ച സംഭവം ആചാര വിരുദ്ധമാണെന്നാരും പറഞ്ഞില്ല . നിയന്ത്രണം ലംഘിച്ച് ഈരാറ്റുപേട്ടയിലും മറ്റും ചിലർ പ്രാർത്ഥന നടത്തി അറസ്റ്റിലായെങ്കിലും അവരെ തള്ളി പറയുകയായിരുന്നു ഭൂരിപക്ഷം വിശ്വാസികളും.
വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത നിരാലംബർക്കും ഹോട്ടലുകൾ അടച്ചതോടെ ബുദ്ധിമുട്ടിലായവർക്കും മറ്റുമായി സമൂഹഅടുക്കള തുടങ്ങാൻ തീരുമാനിച്ചത് കോട്ടയത്ത് വൻ വിജയമാക്കിയത് അഭയം ചാരിറ്റബിൾ സൊസൈറ്റിയായിരുന്നു . അതേ സമയം കോട്ടയം നഗരസഭ ആരംഭിച്ച സമൂഹ കിച്ചൻ നടത്തിപ്പ് വിവാദത്തിലുമായി. ഇതേ ചൊല്ലി സി.പി.എം-കോൺഗ്രസ് നേതാക്കൾ തമ്മിൽ പോരുമായി. ചെങ്ങളത്ത് കൊവിഡ് ബാധിച്ചവരെ ആദ്യം ആംബുലൻസിൽ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചതും ചെങ്ങളത്ത് വീട്ടിൽ നിരീക്ഷണത്തിലായവർക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചതും അഭയമായിരുന്നു. കൊവിഡ് ഭേദമായ വൃദ്ധ ദമ്പതികൾ റാന്നിയിലെ വീട്ടിലേക്ക് പോയതും അഭയത്തിന്റെ ആംബുലൻസിൽ ആയിരുന്നു. ഇതോടെ എല്ലാം തങ്ങളുടെ നേട്ടമാക്കി ഒറ്റക്കു ഷൈൻ ചെയ്യാൻ ചില സി.പി.എം നേതാക്കൾ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇത്തരം കാര്യങ്ങളിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്നവർ എവിടെയും ആദ്യം ഓടിയെത്തും. വാചകമടിയിലൂടെയല്ല പ്രവൃത്തിയിലൂടെ വേണം ജനശ്രദ്ധ നേടാൻ അതിന് കഴിയാതെ മാറി നിന്ന് വിമർശിക്കുന്നത് ശരിയല്ല.
കൊവിഡ് നിയന്ത്രണം ലംഘിച്ച് അന്യ സംസ്ഥാന തൊഴിലാളികളായ ആയിരങ്ങൾ പായിപ്പാട് തെരുവിലിറങ്ങിയതിന് പിന്നിലും ചില പ്രാദേശിക രാഷ്ടീയ നേതാക്കളുടെ കളികളുണ്ടെന്നാണ് പൊലീസ് നടത്തുന്ന അന്വേഷണത്തിലെ കണ്ടെത്തൽ. കൊവിഡ് കലക്ക വെള്ളത്തിൽ ഇറങ്ങി മീൻ പിടിക്കാൻ രാഷ്ടീയ മുതലെടുപ്പ് നടത്തിയവർ ആരായാലും ഉന്നതതല സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസ് തേച്ചുമാച്ചു കളയാതെ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കാനുള്ളത്.