ചങ്ങനാശേരി : എല്ലാം ശരവേഗത്തിൽ, വെല്ലുവിളികളെ അതിജീവിച്ച് നെല്ല് സംഭരണം പുരോഗമിക്കുമ്പോൾ കർഷകർക്ക് ആശ്വാസം. ലോക്ക് ഡൗൺ നിയന്ത്രണത്തിൽ നിന്നും നെൽകൃഷിയെ ഒഴിവാക്കിയതോടെ ചങ്ങനാശേരി മേഖലയിൽ നെല്ല് സംഭരണം പുരോഗമിക്കുകയാണ്.
സർക്കാരിനൊപ്പം മില്ലുടമകളും ഉണർന്നുപ്രവർത്തിച്ചതോടെ നെല്ല് സംഭരണം അന്തിമഘട്ടിലാണ്. ലോക്ക് ഡൗണിനെ തുടർന്ന് ആദ്യദിനങ്ങളിൽ പാടശേഖരങ്ങളിൽ കൊയ്ത്ത് പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് കൊയ്ത്തിനേയും നെല്ല് സംഭരണത്തേയും സംസ്ഥാന സർക്കാർ അവശ്യസർവീസായി പ്രഖ്യാപിച്ചത്. പ്രാദേശികമായി നെല്ല് സംഭരിക്കാൻ ജില്ലാ കളക്ടറെ തന്നെ ചുമതലപ്പെടുത്തിയതോടെയാണ് നടപടികൾ വേഗത്തിലായത്.
മുമ്പിൽ മുൻകരുതൽ
എ.സി റോഡിന് സമീപമുള്ള എത്യാകരി, വാഴപള്ളി പഞ്ചായത്തിലെ പറാൽ ഒടേറ്റി വടക്ക്, കുഴിക്കേരി, ഓടേറ്റി തെക്ക്, കടന്പാടം, ആഞ്ഞിലിക്കൊടി, തൈപറമ്പ് തുടങ്ങിയ പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം പുരോഗമിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുൻകരുതൽ സ്വീകരിച്ചാണ് തൊഴിലാളികൾ ലോറിയിൽ നെല്ല് കയറ്റുന്നത്. തൊഴിലാളികൾക്ക് കൈ കൈകഴുകാൻ സാനിറ്റൈസറും പാടശേഖരത്ത് ഒരുക്കിയിട്ടുണ്ട്.