വൈക്കം : ലോക്ക് ഡൗൺ കാലയളവിൽ എല്ലാവർക്കും വെള്ളം എത്തിക്കുക എന്ന ഭാരിച്ച ചുമതല പേറുന്നവരാണ് ജലഅതോറിട്ടി ജീവനക്കാർ. പരാതികൾ കുറച്ചൊക്കെ ഉണ്ടെങ്കിലും കർമ്മ പഥങ്ങളിൽ തളരാതെ വെള്ളം എത്തിക്കുകയാണ് വൈക്കം, കടുത്തുരുത്തി ജലഅതോറിട്ടി ജീവനക്കാർ. വേനൽ കടുത്തതും , ലോക്ക് ഡൗൺ മൂലം ജനങ്ങൾ വീട്ടിൽ തന്നെയായതിനാലും ജലത്തിന്റെ ഉപയോഗം വർദ്ധിപ്പിച്ചിട്ടുണ്ട്. ജലവിതരണ കുഴലുകളുടെ തുടക്ക ഭാഗങ്ങളിലുള്ളവർ കൂടുതൽ വെള്ളം എടുക്കുന്നതോടെ അവസാന ഭാഗങ്ങളിൽ കിട്ടാതെ ആവുന്നതാണ് പരാതികൾക്ക് പ്രധാനകാരണം. വെള്ളൂർ ചങ്ങല പാലം പ്ലാന്റിൽ വൈദ്യുതി മുടക്കം കൂടിയാകുമ്പോൾ പ്രശ്‌നം സങ്കീർണമാകും. എങ്കിലും ജീവനക്കാരുടെ പ്രയത്‌നം മൂലം പൊതുടാപ്പുകളിലും ഹൗസ് കണക്ഷനുകളിലും വെള്ളം എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.


ജലമോഷണവും വ്യാപകം
ഇതിന് ഇടയിലും ജലമോഷണത്തിന് കുറവില്ല. ലൈനിൽ മോട്ടോർഘടിപ്പിച്ചും, പൊതുടാപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ചും മറ്റുമാണ് മോഷണം. ഇതുമൂലം ഒരു പ്രദേശം മുഴുവൻ ജലം എത്തിക്കാനാകാതെ വരുന്നു. ലൈനിലെ പ്രശ്‌നങ്ങൾ മൂലം വെള്ളം എത്താതിരുന്ന സ്ഥലങ്ങളിൽ ടാങ്കറിലും, ക്യാനുകളിലുമായി കുടിവെള്ളം എത്തിച്ച് കൊടുത്തു. മറവൻതുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിക്ക് സമീപം, ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് ചെമ്പ് വാലേൽ ഭാഗം, വെച്ചൂർ, ആർപ്പൂക്കര പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മഞ്ചാടിക്കരി ഭാഗം എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ ജലഅതോറിറ്റി ജലം വിതരണം ചെയ്തത്. ഭക്ഷണവും, പണിക്ക് ആവശ്യമുള്ള വസ്തുക്കളും ലഭിക്കാത്തത് ജീവനക്കാർക്ക് ബുദ്ധിമുട്ടാകുന്നു. എല്ലാ അവശ്യസർവീസ് ഓഫീസുകളിലും സന്നദ്ധസംഘടനകൾ മാസ്‌ക് ഉൾപ്പെടെ വിതരണം ചെയ്തപ്പോൾ ഒരു മാസ്‌ക് പോലും ജല അതോറിറ്റി ഓഫീസിൽ എത്തിച്ചിട്ടില്ല. ജീവനക്കാർ സ്വന്തം നിലയിൽ വാങ്ങുകയായിരുന്നു.