പാലാ: ആദ്യം കോൺഗ്രസുകാർ, ദേ ഇപ്പോൾ കൊവിഡ് 19 ഉം ! പ്രസിഡന്റ് കസേര കൈയെത്തുംദൂരത്ത് നഷ്ടപ്പെട്ടിട്ടും സന്ധ്യ പക്ഷേ കൂളാണ്.
മുത്തോലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും കേരളാ കോൺഗ്രസ്. എം. സ്വതന്ത്രയുമായ സന്ധ്യാ ജി. നായർ ഏഴു മാസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റാകേണ്ട ആളായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേന്ന് മുത്തോലി പഞ്ചായത്ത് സമിതിയിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി കൂടി സന്ധ്യയെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. എന്നാൽ അർധരാത്രിയോടെ ഉന്നത യു.ഡി.എഫ് നേതാക്കൾ ഇടപെട്ടു; കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. പിറ്റേന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ.ജിസ്‌മോൾ തിരഞ്ഞെടുക്കപ്പെട്ടു.
ആറു മാസം കഴിയുമ്പോൾ സന്ധ്യയ്ക്ക് പ്രസിഡന്റ് പദവി നൽകാമെന്നായിരുന്നൂ നേതാക്കൾ തമ്മിൽ വാക്കാലുണ്ടാക്കിയ കരാർ.ഇതേതുടർന്ന് കഴിഞ്ഞ മാസം കോൺഗ്രസ് പ്രതിനിധിയായ പ്രസിഡന്റ് അഡ്വ. ജിസ്‌മോൾ രാജിവെച്ചു.
തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പഞ്ചായത്തിലെത്തിയത് മാർച്ച് അവസാനം. 28ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നൂ വിജ്ഞാപനം. ഇതിനിടെ ലോക് ഡൗൺ വന്നു. ഇതേ തുടർന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം തദ്ദേശ സ്വയംഭരണ വകുപ്പ് റദ്ദാക്കിയതോടെ സന്ധ്യയുടെ മോഹം വീണ്ടും പൊലിഞ്ഞു.
'നമ്മൾ ഉദ്ദേശിക്കാതെ ചില തിരിച്ചടികൾ വരുന്നു. അതൊന്നും എന്റെ പൊതുപ്രവർത്തനങ്ങളെ ബാധിക്കില്ല.പ്രസിഡന്റാകുമെന്ന് കരുതിയല്ല, തിരഞ്ഞെടുപ്പിനു നിന്നതും! അപ്രതീക്ഷിതമായി പ്രസിഡന്റ് പദവി കൈ വിട്ടു പോവുകയാണെങ്കിലും സന്ധ്യയ്ക്ക് നിരാശയില്ല. മുത്തോലി പഞ്ചായത്ത് ഏഴാം വാർഡ് മെമ്പറായ സന്ധ്യ. ജി. നായരുടെ ഭർത്താവ് രൺദീപ് കേരളാ യൂത്ത്ഫ്രണ്ട് എം. സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.