പാലാ :നഗരസഭ സമൂഹ അടുക്കളയ്ക്ക് ഇന്ന് തുടക്കമാകും. പാലാ നഗരസഭ അങ്കണത്തിലാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. 200 പേർക്ക് ഭക്ഷണം തയാറാക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. രാവിലെ ഉപ്പുമാവും ഉച്ചയ്ക്കും വൈകിട്ടും ഊണുമാണ് നൽകുക. നഗരസഭാ കൗൺസിലർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഭക്ഷണം കഴിക്കാൻ മാർഗ്ഗമില്ലത്തവർക്കും കിടപ്പുരോഗികൾക്കുമാണ് ഭക്ഷണം എത്തിച്ചുനൽകുന്നത്. സന്നദ്ധപ്രവർത്തകർ വഴിയാണ് വീടുകളിൽ ഭക്ഷണം എത്തിക്കുന്നത്. സർക്കാരിൽ നിന്ന് ലഭ്യമാക്കുന്ന ഫണ്ടും സന്നദ്ധസംഘടനകളിൽ നിന്ന് ലഭ്യമാക്കുന്ന സഹായം വഴിയുമാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്.
പാലാ നഗരസഭയിലെ കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നഗരസഭയുടെ നടപടിയെ രൂക്ഷമായി വിമർശിക്കുകയും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാതെ നഗരസഭയുടെ ന്യായവില ഷോപ്പു വഴി ഭക്ഷണ വിതരണം നടപ്പാക്കുന്ന നടപടി ശരിയല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്.

നഗരസഭ അടിയന്തര യോഗം വിളിച്ച് ചേർത്ത് ഈ വിഷയം ചർച്ച ചെയ്തു. ചെയർപേഴ്‌സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടോണി തോട്ടം, സതീഷ് ചൊള്ളാനി, സിബിൽ തോമസ്, ലിസി ജോസഫ്, സെക്രട്ടറി മുഹമ്മദ് ഹുവൈസ് തുടങ്ങിയരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സമൂഹ അടുക്കള തുടങ്ങാൻ നടപടിയായത്.