കോട്ടയം: വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങാൻ കാറിൽ പുറത്തേയ്‌ക്കു പോയ ബാപ്പയും ഉമ്മയും എവിടെ....! രണ്ടു കുരുന്നുമക്കൾ ആ അന്വേഷണത്തിലാണിപ്പൊഴും. അവർക്കൊപ്പം ഒരു നാടുമുഴുവൻ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42) ഭാര്യ ഹബീബയെയും (37) കാണാതായിട്ട് നാളെ മൂന്നു വർഷം പൂർത്തിയാകും.

2017 ഏപ്രിൽ ആറിനാണ് ദമ്പതിമാരുടെ തിരോധാനമുണ്ടായത്. രണ്ടു കുഞ്ഞു മക്കൾക്ക് ഭക്ഷണം വാങ്ങാവരാമെന്നു പറഞ്ഞാണ് അവർ പുറത്തേയ്‌ക്കു പോയത്. പുതുതായി വാങ്ങിയ, രജിസ്ട്രേഷൻ നമ്പ‌ർ പോലും ലഭിക്കാത്ത വാഗൺ ആർ കാറിലായിരുന്നു യാത്ര. നഗരത്തിലേയ്‌ക്കെന്ന് പറഞ്ഞു പോയ ഇവരെയും കാറും പിന്നീട് ആരും കണ്ടിട്ടില്ല. മൊബൈൽ ഫോണോ, പഴ്‌സോ പോലും എടുക്കാതെയായിരുന്നു പോയത്.

പിറ്റേന്നും ഇരുവരെപ്പറ്റി വിവരം ലഭിക്കാതെ വന്നതോടെ, പിതാവ് അബ്ദുൾഖാദർ കുമരകം പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചെങ്കിലും യാത്രാവഴി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇവ‌ർ പോകാനുള്ള സ്ഥലങ്ങളിൽ അടക്കം അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. അപകടസാദ്ധ്യത പോലും കണക്കിലെടുത്ത് ജലാശയങ്ങളിലും പരിശോധന നടത്തി. തമിഴ്‌നാട്ടിലെ വിവിധ മതകേന്ദ്രങ്ങളിലും നഗരങ്ങളിലും തെരഞ്ഞു.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അബ്ദുൾഖാദർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല. ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. അറുപറയിലെ വീട്ടിൽ വിശ്രമത്തിലുള്ള അബ്ദുൾഖാദറിനൊപ്പമാണ് ദമ്പതികളുടെ രണ്ട് മക്കൾ കഴിയുന്നത്. ഹാഷിമും ഹബീബയും എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണവർ.