കോട്ടയം: കുടിയന്മാരെ പേടിച്ച് കുപ്പിയ്‌ക്ക് കാവൽ ഏർപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ. ലോക്ക് ഡൗൺ കാലത്ത് മോഷണ ശ്രമമുണ്ടാകുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടുകളെ തുട‌ർന്നാണ് അടച്ചിട്ടിരിക്കുന്ന ചില്ലറ വിൽപ്പന ശാലകൾക്ക് സുരക്ഷ ഏർപ്പെടുത്തിയത്. ഷോപ്പുകൾക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നായിരുന്നു കോർപ്പറേഷന്റെ ആവശ്യം. എന്നാൽ, അതിനാവില്ലെന്ന നിലപാട് പൊലീസ് സ്വീകരിച്ചു. ഇതോടെയാണ് സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുടെ സഹായം തേടിയത്. പകൽ രണ്ടു പേരും രാത്രി നാലു പേരും ചില്ലറ വിൽപ്പന ശാലയ്‌ക്കു മുന്നിൽ സുരക്ഷാജോലിയിലുണ്ടാകും.

1500 കേസ് മദ്യം

ജില്ലയിൽ ആകെ 13 മദ്യശാലകളാണ് ബിവറേജസ് കോർപ്പറേഷന് ഉള്ളത്. പ്രതിദിനം 15 മുതൽ 16 ലക്ഷം രൂപയുടെ വരെ കച്ചവടം നടന്നിരുന്നു. ഷോപ്പുകളിൽ ശരാശരി 50 ലക്ഷം രൂപ വിലവരുന്ന 1500 കേസ് മദ്യമെങ്കിലും സ്റ്റോക്കുണ്ടാകും.