ചങ്ങനാശേരി : കുടിവെള്ളം കിട്ടാക്കനിയായ ഇത്തിത്താനം നിവാസികൾക്ക് കുടിവെള്ളമെത്തിച്ച് ഒരു പറ്റം യുവാക്കൾ നാടിന് മാതൃകയായി. ചിറവംമുട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീദേവിയുവജന സമാജം പ്രവർത്തകരാണ് ഇത്തിത്താനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിച്ചത്.
ലോക്ക്ഡൗണും നിരോധനാജ്ഞയും കൂടി ഒരുമിച്ച് പ്രഖ്യപിച്ചതോടെ കുടിവെള്ളം കിട്ടാക്കനിയായ ഇത്തിത്താനം നിവാസികൾ ആകെ ദുരിതത്തിലായിരുന്നു. ത്രിതല പഞ്ചായത്ത് അധികാരികളോട് ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും യാതൊരു ഫലവും കാണാത്ത അവസ്ഥയിലാണ് നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് ഇത്തിത്താനം കരയിലാകെ കുടി വെള്ളം എത്തിക്കാൻ തീരുമാനിച്ചത്. വിതരണം ചെയ്യുന്നതിനാവശ്യമായ കുടിവെള്ളവും വാഹന സൗകര്യവും പ്രൊഫ. ടോമിച്ചൻ ജോസഫും, പ്രതീഷ് എന്നിവർ സൗജന്യമായി നൽകി.
കഴിഞ്ഞ നാല് ദിവസമായി കുടിവെള്ള വിതരണം തുടരുന്നു. ഇത്തിത്താനത്തെ ഉയർന്ന പ്രദേശങ്ങളായ പുളിമൂട്, കാർഗിൽ, ചെമ്പുചിറ പൊക്കം, ആനക്കുഴി, വഴുതനക്കുന്ന്, പൊൻപുഴ പൊക്കം, ഇളങ്കാവ്, മലകുന്നം, ജീരകക്കുന്ന്, കല്ലുകടവ്, ചാലച്ചിറ, ചാമക്കുളം, അമ്പലക്കോടി തുടങ്ങിയ ഇടങ്ങളിൽ എൺപതിനായിരം ലിറ്റർ കുടിവെള്ളം വിതരണം ചെയ്തു. പ്രവർത്തനങ്ങൾക്ക് സമാജം രക്ഷാധികാരി ബിജു എസ് മേനോൻ, പ്രസിഡന്റ് അനന്തകൃഷ്ണൻ, സെക്രട്ടറി മനു എം നായർ, ഖജാൻജി അമ്പാടി പി ബി എന്നിവർ നേതൃത്വം നൽകി.