പാലാ: യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ ആചരിക്കുന്ന വിശുദ്ധ വാരാചരണത്തിന് ഓശാന ഞായർ ആചരണത്തോടെ തുടക്കം. കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ട് പരമാവധി 5 പേരെ ഉൾക്കൊള്ളിച്ചായിരുന്നു ചടങ്ങുകൾ. 100 കണക്കിനാളുകൾ തിങ്ങിനിറയുന്ന പള്ളികൾ ഇത്തവണ വിജനമായിരുന്നു. പാലാ കത്തീഡ്രൽ പള്ളിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി സഹകാർമികനായിരുന്നു.

ഓശാനഞായറിലെ പ്രധാന ചടങ്ങായ കുരുത്തോല വിതരണം ഇത്തവണ ഉണ്ടായിരുന്നില്ല. പെസഹാ ദിനത്തിൽ അപ്പംമുറിക്കൽ ശുശ്രൂഷകൾക്ക് പോയവർഷത്തെ കുരുത്തോല ഉപയോഗിക്കാനാണ് നിർദേശം. പെസഹാ വ്യാഴാഴ്ച ദിനത്തിലെ കാൽകഴുകൽ ശുശ്രൂഷയും ഇത്തവണയില്ല. ദു:ഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി പ്രാർത്ഥനകളും, ഈസ്റ്റർ ദിനത്തിൽ പുലർച്ചെയുള്ള ചടങ്ങുകളം നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

വിശ്വാസികൾക്കായി രൂപതാ തലത്തിൽ സോഷ്യമീഡിയകളിലൂടെ തത്സമയസംപ്രേക്ഷണം ഒരുക്കിയിരുന്നു. ചില ഇടവകകൾ സ്വന്തമായും ലൈവ് സംപ്രേക്ഷണം നടത്തി. വരുംദിവസങ്ങളിലെ ചടങ്ങുകളിലും വിശ്വാസികൾക്ക് പങ്കെടുക്കാനാവില്ല. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് വിശ്വാസികളെ പങ്കെടുപ്പിക്കാതെ വിശുദ്ധവാരകർമങ്ങൾ നടത്തേണ്ടിവരുന്നത്.