അടിമാലി: കൊവിഡ്- 19നെ പ്രതിരോധിക്കാൻ കൈ കഴുകൽ പ്രോത്സാനിപ്പിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളായ വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടിത്തം. എമിലും അർജുനനും കൂടിയാണ് കൈ നീട്ടിയാൽ സാനിറ്റൈസർ താനെ വീഴുന്ന സേഫ് ഹാന്റ് സംവിധാന താനെ നിർമിച്ചത്. എമിൽ ചേലാട് പോളിടെക്നിക് രണ്ടാം വർഷ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിദ്യാർത്ഥിയും രാജാക്കാട് സാൻജോ കോളേജ് ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയുമായ അർജുനനുമാണ് വിജയകരമായി സെഫ് ഹാന്റ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. ഇരുവരും ലോക്ക്ഡൗൺകാലത്ത് എമിലിന്റെ അടിമാലിയിലെ വീട്ടിലിരുന്നാണ് മെഷ്യൻ നിർമ്മാണം ആരംഭിച്ചത്. സാധാരണ സാനിറ്റിസൈർ ഉപയോഗിക്കണമെങ്കിൽ കുപ്പിയിൽ പിടിച്ചു കൊണ്ട് മാത്രമേ പറ്റൂ. അപ്പോൾ പല വൈറസുകളും കുപ്പിയിൽ പറ്റി പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാധ്യത ഒഴിവാക്കുകയാണ് ഈ സേഫ് ഹാന്റ്. സാനിറ്റൈസർ ഇതിന്റെ ടാങ്കിലെയ്ക്ക് ഒഴിച്ചു കൊടുത്താൽ മതിയാകും. തുടർന്ന് സേഫ് ഹാൻഡിന്റെ ഉള്ളിൽ കൈവയ്ക്കുമ്പോൾ സാനിറ്റൈസർ തനിയെ കൈയിലേയ്ക്ക് വീഴും. 1500 രൂപയാണ് ഇത് സ്ഥാപിക്കുന്നതിന് മുടക്ക്. ഇത് ഒരു സ്റ്റാൻഡിൽ പിടിപ്പിച്ച് സൗകര്യപ്രദമായ സ്ഥലത്ത് വയ്ക്കാം. തിരുവനന്തപുരത്തുള്ള റൈഡേഴ്സ് വിത്ത് വിങ്ങ്സ് എന്ന റൈഡിംഗ് ക്ലബ്ബാണ് ഇതിനാവശ്യമായ സാമ്പത്തിക സഹായം ഇവർക്ക് നൽകിയത്. ഇവർ അടിമാലി പൊലീസ് സ്റ്റേഷനിൽ ഈ ഉപകരണം സൗജന്യമായി സ്ഥാപിച്ചു നൽകി. ആയിരമേക്കർ അമ്പാട്ട് വീട്ടിൽ ഷാജി- റെജി ദമ്പതികളുടെ മൂത്തമകനാണ് എമിൽ. രാജാക്കാട് പന്തലാട്ട് വീട്ടിൽ സുഗതൻ- രത്നമ്മ ദമ്പതികളുടെ ഇളയ മകനാണ് അർജുൻ.