വൈക്കം: സഹപ്രവർത്തകയ്ക്ക് പണി കൊടുക്കാൻ നോക്കിയ യൂണിയൻ നേതാവ് കാമറയിൽ കുടുങ്ങി.
കഴിഞ്ഞ ദിവസം മിനി സിവിൽ സ്റ്റേഷന് സമീപമാണ് സംഭവം. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി ജീവനക്കാരിയുടേതായിരുന്നു കാർ. പാർക്ക് ചെയ്തിരുന്ന കാറിന്റെ ടയറിലെ വാൽവ് ട്യൂബ് കുറ്റിയിൽ ആണി കയറ്റുകയായിരുന്നു. വൈകിട്ട് വീട്ടിൽ പോകാനായി കാർ എടുത്തപ്പോൾ ഭാഗ്യത്തിന് ആണി ജീവനക്കാരിയുടെ ശ്രദ്ധയിൽ പെട്ടു. ആരോ മനഃപൂർവം ചെയ്തതാണെന്ന് സംശയം തോന്നിയതിനാൽ സഹപ്രവർത്തകരിൽ ചിലരുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പണി വച്ചത് സഹപ്രവർത്തകനായ എൻ.ജി.ഒ യൂണിയൻ നേതാവാണെന്ന് മനസിലായത്. തുടർന്ന് നേതാവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. ആദ്യം നിഷേധിച്ചെങ്കിലും തെളിവ് സഹിതം പൊലീസ് നിലപാട് കടുപ്പിച്ചപ്പോൾ സമ്മതിച്ചു. പ്രതി സഹപ്രവർത്തകനാണെന്നറിഞ്ഞതോടെ കാറുടമ പരാതി പിൻവലിച്ചതിനാൽ വിഷയം അവിടെ അവസാനിച്ചു.