fire-cocunt
ചിത്രം 1 അടിമാലി 2 - ഇടിമിന്നലില്‍ തീ പിടിച്ച തെങ്ങും, പുല്‍മേടും

അടിമാലി: വേനൽ മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പുൽമേടിനും തെങ്ങിനും തീ പിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് 2.30 മുതൽ അടിമാലി മേഖലയിൽ ഉണ്ടായ ഇടിമിന്നലിലാണ് നാശമുണ്ടായത്. അടിമാലി ചിന്നപ്പാറ കുടിയിലെ പാറ പുറത്തെ പുൽമേടിനാണ് തീ പിടിച്ചത്. ചെറിയ തോതിൽ മഴ ഉണ്ടായതിനാൽ തീ പടർന്ന് പിടിച്ചില്ല. അടിമാലി അമ്പലപ്പടിക്ക് സമീപം പരാംകുന്നേൽ സജിയുടെ വീടിനോട് ചേർന്നുള്ള തെങ്ങാണ് ഇടിമിന്നലേറ്റു കത്തിയത്‌. തെങ്ങ് ഭാഗികമായി കത്തി. ഇരുമ്പുപാലം മേഖലയിൽ ശക്തമായ മഴയാണ് ഉണ്ടായത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ വട്ടയാറിന് സമീപം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. യഥാ സമയം വേനൽ മഴ ലഭിക്കാത്തതിനാൽ ഹൈറേഞ്ചിലാകമാനം കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു.