അടിമാലി: ലോക്ക്ഡൗൺ കാലയളവിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കൺസ്യൂമർ ഫെഡിന് കീഴിലുള്ള അടിമാലിയിലെ മദ്യവില്പനശാലയിലെ മാനേജറടക്കം ആറ് പേർക്ക് സസ്‌പെൻഷൻ. മാനേജർ കെ. രാജേഷ്, ജീവനക്കാരായ ജുനൈദ് മുഹമ്മദ്, ഒ.എസ്. രാജേഷ്, വി.ജി. നിലേഷ്, എം.എസ്. മനോജ്, താത്കാലിക ജീവനക്കാരൻ അനിൽ എന്നിവരെയാണ് കൺസ്യൂമർ ഫെഡ് എം.ഡിയുടെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം റീജിയണൽ മാനേജർ അനിൽ സക്കറിയാസ് സസ്‌പെന്റ് ചെയ്തത്‌. കഴിഞ്ഞ 25ന് മദ്യ വില്പന ശാലകൾ അനിശ്ചിതകാലത്തേക്ക് സർക്കാർ അടച്ചിരുന്നു. എന്നാൽ 24ലെ കളക്ഷൻ ബാങ്കിൽ അടയ്ക്കുന്നതിന് വേണ്ടി സ്ഥാപനത്തിൽ എത്തിയ ജീവനക്കാർ ആവശ്യാനുസരണം മദ്യം കൈക്കലാക്കി. ഇരുമ്പുപാലം ത്രിവേണി സൂപ്പർമാർക്കറ്റിലെ താത്കാലിക ജീവനക്കാരൻ ഇരുന്നൂറേക്കർ വടയാറ്റുകുന്നേൽ അതുലും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇയാൾ കൈശവപ്പെടുത്തിയ മദ്യം സഹോദരൻ അമലുമായി ചേർന്ന് കാറിൽ കറങ്ങി നടന്ന് വില്പന നടത്തുന്നതിനിടെ അടിമാലി സി.ഐ അനിൽ ജോർജും സംഘവും ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചേദ്യം ചെയ്യലിൽ ഇവരുടെ കൈയിലെ മദ്യത്തിന് ബിൽ ഇല്ലെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ അടിമാലി മദ്യവില്പനശാലയിൽ നിന്ന് അനധികൃതമായി കൈവശപ്പെടുത്തിയതാണ് ഇതെന്ന് മനസിലായി. അറസ്റ്റ് ചെയ്ത ഇവരെ റിമാൻഡ് ചെയ്തു. കൺസ്യൂമർ ഫെഡിന്റെ അന്വേഷത്തിൽ സ്റ്റോക്കിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ആറ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തത്.