mazha

ചങ്ങനാശേരി: മഴയിലും കനത്ത കാറ്റിലും പായിപ്പാടും പരിസരപ്രദേശങ്ങളിലും വ്യാപകനാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണു. ലൈനുകൾക്ക് തകരാറുകൾ സംഭവിച്ചതോടെ വൈദ്യുതിവിതരണവും തടസപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് വീശിയത്. വെള്ളാപ്പള്ളി, മുണ്ടുകോട്ട, മച്ചിപ്പള്ളി എന്നിവിടങ്ങളിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. 20 ഓളം വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്. തൃക്കൊടിത്താനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മഴ കനത്ത നാശം വിതച്ചു. കോട്ടമുറി, മാടപ്പള്ളി, ചാഞ്ഞോടി തുടങ്ങിയ പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചു. പലയിടങ്ങളിലും മരങ്ങൾ വീടുകളുടെ മുകളിലേക്ക് വീണു. ചില വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. ഒട്ടേറെ കൃഷികളും നശിച്ചു. പായിപ്പാട് പഞ്ചായത്തിൽ മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ചങ്ങനാശേരി അഗ്നിശമന സേന സ്ഥലത്തെത്തി മരങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. പിന്നീട് വൈദ്യുതിയും ഭാഗികമായി പുനസ്ഥാപിച്ചു. പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

 ആദ്യം ആശ്വാസം, പിന്നീട് കനത്ത നാശം

കടുത്ത വേനലിന് ആശ്വാസമെന്നോണം പെയ്ത മഴയാണ് പിന്നീട് വ്യാപകനാശത്തിന് കാരണമായത്. ശക്തമായ കാറ്റിൽ നാട് വിറങ്ങലിച്ചു.

റോഡുകളിലും വീട്ടുമുറ്റങ്ങളിലും വെള്ളക്കെട്ടുകളും രൂപപ്പെട്ടു.

 നിരവധി വീടുകൾക്ക് കേടുപാട്

 മരങ്ങൾ കടപുഴകി വീണു

 കൃഷിയും നശിച്ചു