തലയോലപ്പറമ്പ്: വൈക്കം താലൂക്കിലെ റേഷൻ കടകളിൽ അരി ലഭിക്കുന്നില്ലെന്ന ആരോപണത്തെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ തലയോലപ്പറമ്പിലെ ഗോഡൗൺ സന്ദർശിച്ചു.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് മന്ത്രി ഇല്ലിത്തൊണ്ടിലുള്ള താലൂക്ക് ഡിപ്പോ ഗോഡൗണിൽ പരിശോധനയ്ക്ക് എത്തിയത്. അരി ആവശ്യത്തിന് ഗോഡൗണിൽ സ്റ്റോക്ക് ഉണ്ടെന്നും എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡ് ഉടമയ്ക്ക് ഏതു കടയിൽ നിന്നുവേണമെങ്കിലും ഭക്ഷ്യധാന്യങ്ങൾ വാങ്ങാം എന്നതിനാൽ വാഹന സൗകര്യം കൂടുതൽ ഉള്ള ചില കടകളിൽ അധികം ഉപഭോക്തക്കൾ ഒന്നിച്ച് എത്തിയപ്പോഴാണ് അരി ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സി.കെ ആശ എം.എൽ.എ, താലൂക്ക് സപ്ലൈ ഓഫിസർ ബി.ജ്യോതി ലക്ഷ്മി, ഡിപ്പോ മാനേജർ ബി.സജനി എന്നിവർക്കൊപ്പമാണ് മന്ത്രി എത്തിയത്.