കോട്ടയം: പിടിച്ചിട്ടും പിടികൊടുക്കാത്ത ചാരായ വാറ്റുകാർ. വാറ്റാനും വിൽക്കാനും ചില പൊടിക്കൈകളുമായാണ് കൊവിഡ് രോഗകാലത്ത് ഇക്കൂട്ടരുടെ ആഗമനം. എക്സൈസ് ഇവരുടെ പിറകെ ഓടുന്നുണ്ടെങ്കിലും അഞ്ചു ശതമാനം പോലും പിടിക്കപ്പെടുന്നില്ല. ചാരായം വാറ്റുന്നതോ, തോടിനോടു ചേർന്നുള്ള ചിറകളിലും കുറ്റിക്കാടുകളിലും. ഇവരെ ഒറ്റുകൊടുക്കാൻ നാട്ടുകാർ തയാറല്ല. കാരണം, നാട്ടുകാരായ പുരുഷന്മാരെ കൈയിലെടുത്തുകൊണ്ടാണ് വാറ്റ് കേന്ദ്രങ്ങൾ സജീവമായിട്ടുള്ളത്. ഇവർക്ക് വയറുനിറയെ ചാരായം ഊറ്റിക്കൊടുക്കുന്നതോടെ ഇക്കൂട്ടർ നിശബ്ദരാവും. വാറ്റാൻ ആവശ്യമായ ശർക്കരയും മറ്റും സ്ഥലത്ത് എത്തിക്കുന്നത് ചില സ്ത്രീകളാണ്.
കോട്ടയം ജില്ലയിലെ പടിഞ്ഞാറെൻ ഭാഗങ്ങളിലാണ് വാറ്റ് ഇപ്പോൾ വർദ്ധിച്ചിട്ടുള്ളത്. വാറ്റുന്ന ചാരായം കന്നാസുകളിൽ നിറച്ച് വെള്ളത്തിൽ മുക്കിയിടുകയാണ് പതിവ്. അതിനാൽ പെട്ടെന്ന് ചാരായം കണ്ടെത്താൻ എക്സൈസിന് സാധിക്കുന്നില്ല. ചാരായം വിൽക്കുന്നത് ചെറിയ വള്ളങ്ങളിൽ സഞ്ചരിച്ചാണ്. രണ്ടു ദിവസം കൊണ്ടുതന്നെ ചാരായം കിട്ടുന്ന സ്ഥലങ്ങളും വഞ്ചി വരുന്ന സമയവും കുടിയന്മാർക്ക് കൃത്യമായി അറിയാം.
ചെറിയ വള്ളങ്ങളിലാണ് ചാരായം എത്തിക്കുന്നത്. പുഴക്കടവിൽ ചാരായവില്പനക്കാർ വള്ളത്തിൽ തന്നെ ഇരിക്കും. വള്ളത്തിൽ കുപ്പിയോ ഗ്ലാസോ ഒന്നുമില്ല. പ്രഥമദൃഷ്ട്യാ ചാരായം നിറച്ച കന്നാസും ഇല്ല. വാങ്ങാനുള്ളവർ എത്തിയാൽ വള്ളത്തിലുള്ള പ്ലാസ്റ്റ്ക് കയർ ഉയർത്തും. 35 ലിറ്ററിന്റെ ചാരായം നിറച്ച കന്നാസ് വെള്ളത്തിൽ നിന്നും പൊന്തിവരും. അതിൽ നിന്നും ചാരായം ഊറ്റിനൽകി പണവും വാങ്ങി നിമിഷങ്ങൾക്കുള്ളിൽ സ്ഥലം വിടും. ആവശ്യമുള്ളവർ കുപ്പിയോ ഗ്ലാസോ കൊണ്ടുവരണമെന്നാണ് നിബന്ധന.
എന്തെങ്കിലും പന്തികേട് തോന്നിയാൽ അവർ വള്ളത്തിൽതന്നെ സ്ഥലം വിടും. എക്സൈസ് പിറകെ ഉണ്ടെന്ന് തോന്നിയാൽ വെള്ളത്തിൽ താഴ്ന്ന് കിടക്കുന്ന കന്നാസിന്റെ ചരട് അഴിച്ചുവിടും. അത് ആറിന്റെ അടിത്തട്ടിൽ കിടന്നോളും. എക്സൈസ് പോയെന്ന് മനസിലാക്കിയാൽ പിന്നീട് എത്തി അത് പൊക്കിയെടുത്ത് വള്ളത്തിൽതന്നെ കൊണ്ടുപോവുകയാണ് പതിവ്.
കുമരകം ഭാഗത്ത് ഇത്തരത്തിൽ പരക്കെ ചാരായം എത്തുന്നുണ്ടെന്നാണ് വിവരം. നാട്ടകത്തിന്റെ വിവിധ ഭാഗങ്ങളിലും ചെറുവള്ളങ്ങളിൽ ചാരായം വില്പനക്കാർ എത്തുന്നുണ്ട്. കൂടാതെ ഇരവിനല്ലൂർ, വാകത്താനം, കഞ്ഞിക്കുഴി ഭാഗങ്ങളിലെ പുഴയോരങ്ങളിലും കൃത്യമായ സമയത്ത് ചാരായത്തോണി എത്തി വിതരണം ചെയ്തിട്ട് മടങ്ങുകയാണ്. എന്തിന് ടൗണിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈരേക്കടവിൽ പോലും ഇത്തരക്കാർ എത്തുന്നുണ്ടത്രേ.
ഒരു കുപ്പി 200 രൂപയ്ക്കാണ് വില്ക്കുന്നത്. രണ്ടും മൂന്നും കുപ്പി വാങ്ങിക്കൊണ്ടു പോവുന്നവരുണ്ട്. അതേസമയം ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽ മോഷണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പിനെ തുടർന്ന് ഔട്ട്ലെറ്റുകൾക്ക് സംരക്ഷണം നല്കാൻ കൂടുതൽ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു കഴിഞ്ഞു.