കോട്ടയം: ചങ്ങനാശേരി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് അര ലിറ്റർ പാൽ വീതം നൽകി. 103 ക്യാമ്പുകളിലായി 4086 പേർക്കാണ് ഇന്നലെ മിൽമ പാൽ വിതരണം ചെയ്തത്. ഇന്ന് ഒരു കവർ വീതം തൈര് വിതരണം ചെയ്യും. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും അവർ കോഴിയിറച്ചി ആവശ്യപ്പെട്ടിട്ടുണ്ട്. പാൻപരാഗ് ആവശ്യപ്പെട്ട ചില തൊഴിലാളികളെ പൊലീസ് വിരട്ടി.
ചീട്ടുകളിയും മറ്റുമായി സമയം നീക്കുകയാണ് തൊഴിലാളികൾ. അവർ ക്യാമ്പുകൾ വിടുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ 29നാണ് സ്വദേശത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് 1500ലധികം തൊഴിലാളികൾ കർഫ്യു ലംഘിച്ച് തെരുവിലിറങ്ങിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ വീണ്ടും ക്യാമ്പുകളിലെത്തിച്ചത്. അന്നു മുതൽ വൻ പൊലീസ് അവിടെ ക്യാമ്പുചെയ്യുന്നുണ്ട്.