
കോട്ടയം: ലോക്ക് ഡൗൺ അവസാനിച്ചാലും നിർമ്മാണ മേഖല ഉടൻ ഉണരില്ല. പകുതി നിർമ്മിച്ച് മുടങ്ങിക്കിടക്കുന്ന കെട്ടിടങ്ങൾ എവിടെയും കാണാനാവും. ഫ്ലാറ്റുകളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. പ്രമുഖ സിമന്റ് കമ്പനികൾ ഉല്പാദനം നിറുത്തിവച്ചിരിക്കയാണ്. കേരളത്തിലെത്തിയ സിമന്റാവട്ടെ മിക്കതും കട്ടയായി തുടങ്ങി. ഇതോടെ കോടികളുടെ നഷ്ടമാണ് ഈ ഇനത്തിൽ സംഭവിച്ചിട്ടുള്ളത്.
ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാരിൽ 60 ശതമാനവും നാടുകളിലേക്ക് മടങ്ങി. ഇവർ എന്ന് തിരിച്ചെത്തും എന്നതിനെക്കുറിച്ച് പറയാനാവില്ല. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ പ്രധാനമായും സിമന്റ് എത്തുന്നത്. മാർച്ച് മാസത്തിൽ ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ നിർമ്മാണം നടക്കുന്നത്. അതിനാൽ മാർച്ചിൽ കൂടുതൽ സിമന്റ് ഓർഡർ ചെയ്ത് കടക്കാർ സ്റ്റോക്ക് ചെയ്യുക പതിവാണ്.
കേരളത്തിലെ ഗോഡൗണുകളിലും ലോറികളിലുമായി 12 ലക്ഷം ചാക്ക് സിമന്റ് കെട്ടിക്കിടക്കുന്നതായാണ് അറിയുന്നത്. ഇതിന് 45 കോടി രൂപ വിലവരും. ഗോഡൗണുകളിൽ സുരക്ഷിതമായി സൂക്ഷിച്ചാൽതന്നെ ഒരു മാസം കുഴപ്പമില്ലാതിരിക്കും. അത് കഴിഞ്ഞാൽ തരിയാവും, പിന്നെ കട്ടയാവും. ഇതോടെ സിമന്റ് ഉപയോഗിക്കാൻ പറ്റാതെയാവും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കയറ്റിവിട്ട സിമന്റ് ലോറികൾ ഇപ്പോഴും വഴിയോരങ്ങളിൽ കിടപ്പുണ്ട്.
6,000 ചെറുകിട വ്യാപാരികളാണ് കേരളത്തിലുള്ളത്. ഇവർ ഗോഡൗണുകളിൽ അട്ടിയിട്ടാണ് സിമന്റ് സൂക്ഷിക്കുന്നത്. ഇടയ്ക്ക് അട്ടി ഇളക്കിവച്ചില്ലെങ്കിൽ മൊത്തമായും കട്ടയായിപ്പോവും. 5,000 ചാക്ക് വരെ സ്റ്റോക്ക് ചെയ്യുന്ന ചെറുകിട കച്ചവടക്കാരാണ് അധികവും.
ചുരുക്കത്തിൽ ലോക്ക്ഡൗൺ മാറിയാലും നിർമ്മാണ മേഖല ഉണരണമെങ്കിൽ മാസങ്ങൾ തന്നെ വേണ്ടിവരും. അപ്പോഴേക്കും ചെറുകിട കച്ചവടക്കാരും മൊത്തവ്യാപാരികളും സ്റ്റോക്ക് ചെയ്തിട്ടുള്ള സിമന്റ് നഷ്ടമാവും. ഈ നഷ്ടം താങ്ങാൻ ചെറുകിട കച്ചവടക്കാർക്കാവില്ല.