കോട്ടയം: സംവിധായകൻ ജയരാജ് ഏറ്റവും ഒടുവിൽ ഇറങ്ങിയ തന്റെ മൂന്നു സിനിമകൾക്ക് അർജുനൻ മാഷിനെ സംഗീത സംവിധായകനാക്കിയത് അദ്ദേഹത്തോടുള്ള ആരാധന മൂത്തായിരുന്നു.
ശ്രീകുമാരൻ തമ്പി -അർജുനൻ മാഷ് ടീമിന്റെ പാട്ടുകൾ കേട്ടുവളർന്ന തലമുറയായിരുന്നു എന്റേത്. മാഷിനെക്കൊണ്ട് സംഗീതം ചെയ്യിക്കുക എന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു. പല കാരണങ്ങളാൽ നീണ്ടുപോയി. അവസരം ഒത്തുവന്നത് 'വീരം, നായിക, ഭയാനകം' എന്നീ മൂന്നു ചിത്രങ്ങളിലായിരുന്നു. അതിൽ 'നായിക'യിലെ പാട്ടിന് തമ്പി സാറിനും 'ഭയാനക'ത്തിലെ സംഗീതത്തിന് മാഷിനും സംസ്ഥാന അവാർഡ് ലഭിച്ചു. മാഷിന് ലഭിച്ച ആദ്യ സംസ്ഥാന അവാർഡായിരുന്നു അത്.
'നിന്നെ തൊടും പൂ നിലാവ് എന്നെയും തൊട്ടതു നീയറിഞ്ഞോ.... എന്ന ശ്രീകുമാരൻ തമ്പി സാറിന്റെ രചനയ്ക്ക് സംഗീതം നൽകിയതിനായിരുന്നു അവാർഡ്. അതിന് നിമിത്തമായതിൽ എനിക്ക് വലിയ അഭിമാനം തോന്നാറുണ്ട്.
മാഷ് അതിന് ഈണമിട്ടത് തകഴി സ്മൃതി മണ്ഡപത്തിൽവച്ചായിരുന്നു. ഭാര്യയെ ഓർത്ത് ട്രഞ്ചിൽ കിടക്കുന്ന പട്ടാളക്കാരൻ കാണുന്ന ആകാശമായിരുന്നു സന്ദർഭം. വിഷാദവും മെലഡിയും ചേർത്ത് നാടൻ പാട്ടിന്റെ ഈണത്തിലായിരുന്നു ട്യൂണിട്ടത്. സ്ട്രോക്ക് വന്നതിനാൽ ഉയർത്താൻ കഴിയാത്ത കൈ നമ്മൾ എടുത്ത് ഹർമോണിയക്കട്ടയിൽ വയ്ക്കണം. വിരലുകൾ പിന്നെ ഓടും.... ശ്രുതിയിൽ നിന്നു നാദശലഭങ്ങൾ ഉയരും. പ്രായത്തിനും രോഗത്തിനും അദ്ദേഹത്തിന്റെ പ്രതിഭയെ അല്പംപോലും തളർത്താനായില്ല.
ആർ.കെ.ശേഖർ മരിച്ചശേഷം റഹ് മാന്റെ സംഗീത വാസന കണ്ടറിഞ്ഞു വളർത്തി. ആദ്യം ഓർഗൻ വാങ്ങിക്കൊടുത്തതും അദ്ദേഹമായിരുന്നു. മാഷില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ, റഹ് മാൻ ഉണ്ടാകുമായിരുന്നില്ലെന്നു നമ്മൾ പറഞ്ഞാൽ അദ്ദേഹം ഒന്നു മന്ദഹസിക്കും. അതിനപ്പുറം ഒരു അവകാശവാദത്തിനും മാഷ് തയ്യാറാകില്ല.
218 സിനിമകളിലായി 500 പാട്ടുകളും 300 നാടകങ്ങളിലായി 800 പാട്ടുകളും ചെയ്ത മാഷിന്റെ സംഗീത ജീവിതത്തിന് വേണ്ടത്ര ആദരവ് നാം നൽകിയില്ല.
കഴിഞ്ഞ പിറന്നാളിന് വിളിച്ചിരുന്നു. കൊച്ചിയിലോ പള്ളുരുത്തിയിലോ മാഷിന്റെ പാട്ടുകൾ മാത്രമുള്ള ഒരു സംഗീത നിശ നടത്തണമെന്ന് പറഞ്ഞു. മാക്ടയുമായി ചേർന്ന് അതിനുള്ള ശ്രമം നടത്തി. ദാസേട്ടൻ നവംബറിൽ ഡേറ്റും തന്നു. പക്ഷേ ആ ആഗ്രഹം സാധിക്കാതെയാണ് മാഷ് വിടവാങ്ങിയത്. ...
ഇന്നലെ പുലർച്ചെയാണ് മരണ വിവരം അറിഞ്ഞത്. പെരിന്തൽമണ്ണയിലായിപ്പോയി.കോട്ടയത്തായിരുന്നെങ്കിൽ എങ്ങനെയും പള്ളുരുത്തിയിൽ എത്താമായിരുന്നു. ഒന്നു നമസ്കരിക്കാൻ കഴിയാതെ പോയതിൽ വലിയ പ്രയാസമുണ്ട്. ജീവിച്ചിരുന്ന കാലത്ത് നാം ആദരവ് കാട്ടിയില്ല. കൊവിഡ് നിയന്ത്രണ കാലത്ത് മരിച്ചതിനാൽ അർഹിക്കുന്ന ആദരവും ലഭിക്കാതെ പോയി. ...സംവിധായകൻ ജയരാജിന്റെ വാക്കുകളിൽ വിഷാദം നിറയുന്നു .
കമന്റ്
'മാഷിനോട് നമ്മളും കൊവിഡ്ക്കാലത്തുവന്ന മരണവും ആദരവ് കാട്ടിയില്ല.' എൺപതാം വയസിൽ മാഷിന് ഭയാനകം സിനിമയിലൂടെ ആദ്യ സംസ്ഥാന അവാർഡ് കിട്ടിയതിൽ എനിക്ക് അഭിമാനം : ജയരാജ്