കോട്ടയം: ചക്കയ്ക്കിത് നല്ലകാലമാണ്. നാട്ടിൻപുറത്തെ തീൻമേശകളിലെല്ലാം ചക്കയാണ് പ്രധാനവിഭവം. ചക്കയുടെ വിവിധ വിഭവങ്ങളുണ്ടാക്കിയാണ് കൊവിഡ് കാലം തള്ളിനീക്കുന്നത്.

ഒരുക്കിയെടുക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ഇതുവരെ ചക്കയെ അകറ്റി നിർത്തിയിരുന്നത്. പ്ലാവിൽ നിന്ന് ഇടണമെങ്കിൽ ആരുടെയെങ്കിലും കൈയും കാലും പിടിക്കണം. പിന്നെ അതു വെട്ടിക്കണ്ടിച്ച് ചുള അടർത്തിയെടുത്ത് ചകിണി കളഞ്ഞ്, കുരു മാറ്റി അടുപ്പിലെത്തിക്കാൻ പരുവമാകുമ്പോഴേക്കും കൈയിലൊക്കെ അരക്കാകും. എന്നാലിപ്പോൾ ധാരാളം സമയം. അതിനാൽ രാവിലെ തന്നെ ചക്കയൊരുക്കുന്നത് മലയോരത്തെ പ്രധാന കാഴ്ചയാണ്. വലിയ നോമ്പിന്റെ കാലമായതിനാൽ കഞ്ഞിയും ചക്കപ്പുഴുക്കും പഴയകാലം പോലെ ക്രൈസ്തവ വീടുകളിൽ തിരിച്ചെത്തി. അടുക്കളയിൽ പുരുഷന്മാരും ചക്കയൊരുക്കാൻ താത്പര്യം കാട്ടുന്നു. ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ടും കിട്ടാത്ത പെരുമായാണ് ചക്കയ്ക്ക് പെട്ടെന്നു കിട്ടിയത്.

 ആരോഗ്യത്തിന് ചക്ക

പ്രായദേശ വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്ന ചക്ക പോഷകത്തിന്റെ കാര്യത്തിൽ മുന്നിലാണ്. ജീവകങ്ങളും മൂലകങ്ങളും നാരുകളും നിറഞ്ഞതാണ്. പ്രമേഹരോഗികൾക്കും ചക്ക നല്ലതാണ്. ചക്കച്ചുളയിൽ രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവുമാണ്. ചക്ക വേവിക്കാം. ഉപ്പേരിയാക്കാം, കുരു തോരനും മെഴുക്കുപുരട്ടിയും കൂട്ടാനുമാക്കാം. ചക്കക്കൂഞ്ഞും തോരൻ വയ്ക്കാം. മടലും ചകിണിയും കന്നുകാലിക്ക് തീറ്റയാക്കാം. ചുരുക്കത്തിൽ ചക്കയിൽ വെറുതേ കളയാനൊന്നുമില്ല.

വരുംകാല വിള

മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങി പടരുന്ന വേരുപടലങ്ങളുള്ള പ്ലാവിന് കനത്ത വരൾച്ചയിലും പിടിച്ചുനിൽക്കാനും ഫലം നൽകാനുമാകും. ഇവയുടെ ഇലകളിലുള്ള കട്ടിയേറിയ ആവരണം ബാഷ്പീകരണം കുറയ്ക്കും. റബർ നിരാശ സമ്മാനിക്കുമ്പോൾ വരുംകാലത്തേക്കുള്ള വിളയായിരിക്കും പ്ലാവ്. പ്ലാവിന്റെ തടിക്കും വിലയുണ്ട്.