പൊന്‍കുന്നം: ആളും ആരവങ്ങളുമില്ലാതെ ദേവാലയങ്ങളില്‍ ഈശ്വരന്മാര്‍ തനിച്ചായി. ദിവസവും നൂറുകണക്കിന് ഭക്തര്‍ വന്നുപോകുന്ന ചെറുദേവാലയങ്ങളിലും ആയിരങ്ങളും പതിനായിരങ്ങളും എത്തിയിരുന്ന വലിയ ആരാധനാലയങ്ങളിലും സ്ഥിതി ഒന്നുതന്നെ. ഭക്തരെ കാണാനില്ല. ഈശ്വരന്‍ ഹൃദയത്തിലാണെന്ന് ഭക്തര്‍ അറിഞ്ഞുതുടങ്ങി.
ക്ഷേത്രങ്ങളില്‍ പ്രത്യേകവഴിപാടുകളും നേര്‍ച്ചയുമില്ല. ദേവീക്ഷേത്രങ്ങളില്‍ വെള്ളിയാഴ്ച രാഹുര്‍ദോഷത്തിന് നാരങ്ങാവിളക്ക് തെളിക്കല്‍ പ്രധാനചടങ്ങാണ്. അതുപോലെ ശാസ്താക്ഷേത്രങ്ങളില്‍ ശനിദോഷമകറ്റാന്‍ നീരാജനവും. മറ്റു ക്ഷേത്രങ്ങളിലും പ്രത്യേകദിവസങ്ങളില്‍ പ്രധാന വഴിപാടുകളുണ്ട്. ഈ ദിവസങ്ങളിലൊക്കെ മുടങ്ങാതെ എത്തിയിരുന്ന ഭക്തര്‍ ഇപ്പോള്‍ വീടുകളില്‍ പ്രാര്‍ത്ഥനയിലാണ്.ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ദിവസേനയുള്ള കുര്‍ബാനയും ഞായറാഴ്ച കുര്‍ബാനയും നടക്കുന്നുണ്ടെങ്കിലും ഭക്തര്‍ക്ക് പ്രവേശനമില്ല.ഓശാന ഞായര്‍ ഭക്തസാന്നിദ്ധ്യമില്ലാതെ കടന്നുപോയി. 9ന് പെസഹാവ്യാഴവും 10ന് ദു:ഖവെള്ളിയും, 12 ന് ഈസ്റ്ററും ആഘോഷങ്ങളില്ലാതെ ചടങ്ങുമാത്രമായി ആചരിക്കും.14 നാണ് വിഷു. പ്രകടമായ ആഘോഷങ്ങളൊന്നുമില്ലാതെയാകും ഈ വര്‍ഷത്തെ വിഷു. വിഷുക്കണിയും വിഷുക്കൈനീട്ടവും വീടുകളിലൊതുങ്ങുന്ന ചടങ്ങുമാത്രമാകും.
മുസ്ലീം ദേവാലയങ്ങളില്‍ അഞ്ചുനേര നിസ്‌കാരവും വെള്ളിയാഴ്ചകളിലെ ജുമാ നമസ്‌കാരവും ഒഴിവാക്കി. 25 ന് റംസാന്‍ വ്രതാരംഭമാണ്. മെയ് 24 ചെറിയപെരുന്നാള്‍. ഒരുമാസം നീണ്ടുനില്‍ക്കുന്ന ആചാരപരമായ ചടങ്ങുകള്‍ക്ക് വിശ്വാസികള്‍ കൂട്ടത്തോടെ പള്ളികളില്‍ എത്തേണ്ടതാണ്.14 ന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ അതിനുശേഷമുള്ള നിയന്ത്രണങ്ങള്‍ നോക്കിയാകും റംസാന്‍ മാസത്തെ ആചരണങ്ങളുടെ ക്രമീകരണം. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ വിശ്വാസികള്‍ക്ക് വീടുകളില്‍ മുടങ്ങാതെ ആരാധന നടത്താം.ദേവാലയങ്ങളില്‍ ചടങ്ങുമാത്രം. കൂട്ടായ്മയും പ്രാര്‍ത്ഥനയും ഒഴിവാക്കി ആരാധനയും പൂജാ കര്‍മ്മങ്ങളും ചടങ്ങുമാത്രമായതോടെ മിക്ക ദേവാലയങ്ങളിലും പ്രധാന വൈദികന്‍ മാത്രമാണ് എത്തുന്നത്.
-----------------------------------------------------
ഇന്നലെയായിരുന്നു മീനപ്പൂരം. മൂന്നുനാലു മാസങ്ങളായി നടന്നുവരുന്ന ക്ഷേത്രോത്സവങ്ങളുടെ സമാപനമായാണ് മീനപ്പൂരത്തെ വിശേഷിപ്പിക്കുന്നത്.കാരണം മിക്ക പ്രദേശങ്ങളിലും ഇതോടെ ഉത്സവങ്ങള്‍ കഴിഞ്ഞിരിക്കും. മേടം പത്തിന് പത്തമുദയമാണ് അവശേഷിക്കുന്ന ചടങ്ങ്.മീനപ്പൂരം പൊടിപൂരമാക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയ ക്ഷേത്രങ്ങളിലൊന്നും ഇന്നലെ ഉത്സവം നടന്നില്ല.