പാലാ: രാമപുരം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയമുഖം. 10.50 കോടിയുടെ ആധുനിക കെട്ടിട സമുച്ചയത്തിൽ ആശുപത്രി പ്രവർത്തനം തുടങ്ങി. മുൻ ധനകാര്യമന്ത്രി കെ എം മാണി നബാർഡ് സ്‌കീമിലുൾപ്പെടുത്തി നിർമ്മിച്ച ബഹുനിലമന്ദിരം ഏതാനും മാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും പ്രവർത്തനം പഴയ മന്ദിരത്തിലായിരുന്നു. ബ്ലോക്ക് പഞ്ചായത്തും, ജില്ലാ, ഗ്രാമപഞ്ചായത്തുകളും ചേർന്ന് 25 ലക്ഷം രൂപ അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങൾ എൻ.എച്ച്.എം വഴി ഒരുക്കുകയായിരുന്നു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പായില്ല. ഇപ്പോൾ രാമപുരം ഗ്രാമപഞ്ചായത്ത് ഡോക്ടറെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഫാർമസിസ്റ്റിനെയും നിയമിച്ച് ആശുപത്രി പ്രവർത്തനം വൈകിട്ട് 6 വരെ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ സൗകര്യപ്രദം

ആശുപത്രി പ്രവർത്തനസമയം ക്രമീകരിച്ചത് രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമാകും. ഇപ്പോൾ രണ്ട് സ്ഥിരം ഡോക്ടർമാർ ഉൾപ്പെടെ നാല് ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ഉണ്ടാവുക. കെ.എം മാണിയുടെ ഒന്നാം ഓർമ്മദിനത്തിന് മുമ്പായി പുതിയ മന്ദിരത്തിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ദിവാകരൻ, പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ എന്നിവർ പറഞ്ഞു. വാർഷിക പദ്ധതിയിൽ ആശുപത്രി വികസനത്തിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും തുക വകയിരുത്തിയിട്ടുണ്ട്.