പാലാ: കിഴതടിയൂർ സഹകരണ ബാങ്കുമായി (കിസ്‌കോ) സഹകരിച്ച് അഭയം ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന സാമൂഹ്യ അടുക്കള പാലായിൽ പ്രവർത്തനം തുടങ്ങി. ഭക്ഷണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 29ാമത്തെ ഭക്ഷണ വിതരണ കേന്ദ്രമാണ് പാലായിൽ തുറന്നത്. ജനറൽ ആശുപത്രി ജീവനക്കാർക്കുള്ള അഭയം മാസ്‌കുകളും വാസവൻ കൈമാറി.

കൊട്ടാരമറ്റത്തുള്ള കർഷക മാർക്കറ്റിലെ കെട്ടിടത്തിലാണ് അഭയം കിസ്‌കോ സാമൂഹ്യ അടുക്കള പ്രവർത്തിക്കുന്നത്. പാലാ ജനറൽ ആശുപത്രി, സർക്കാർ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, വീടുകളിൽ കഴിയുന്ന കിടപ്പു രോഗികൾ, മറ്റ് നിർധന കുടുംബങ്ങൾ എന്നിവർക്കുൾപ്പെടെ ഇരുനൂറ്റമ്പതോളം പേർക്കാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്. ഉച്ചയ്ക്ക് ഊണും വൈകിട്ട് ചപ്പാത്തിയും നൽകാനാണ് തീരുമാനം. വരും ദിവസങ്ങളിൽ പ്രഭാതഭക്ഷണം ഉൾപ്പെടെ ആശുപത്രികളിലും വീടുകളിലും എത്തിച്ചുകൊടുക്കും. എം.ജി വിജയൻ നായരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്.
കൂടാതെ ആശുപത്രി ജംഗ്ഷനിലെ വിശ്രാം സങ്കേത് കേന്ദ്രീകരിച്ച് ഭക്ഷണം ആവശ്യമുള്ള മറ്റാളുകൾക്കും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാണി.സി.കാപ്പൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി.ജെ ജോസഫ്, ലാലിച്ചൻ ജോർജ്, കിസ്‌കോ ബാങ്ക് ജോർജ്.സി.കാപ്പൻ, അഭയം ജില്ലാ ട്രഷറർ ആർ.ടി മധുസൂദനൻ, ഏരിയാ ചെയർമാൻ പി .എം ജോസഫ്, കൺവീനർ ജോയി കുഴിപ്പാല, നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസിസ്, ടി.ആർ വേണുഗോപാൽ, കെ.എസ് രാജു, ഷാർളി മാത്യു, എ.എസ് ജയപ്രകാശ്, കിസ്‌കോ ബാങ്ക് വൈസ് പ്രസിഡന്റ് എം എസ് ശശിധരൻ, ഭരണ സമിതിയംഗം അഡ്വ. വി.ടി തോമസ് എന്നിവർ പങ്കെടുത്തു.