കോട്ടയം: സൗജന്യ റേഷൻ വിതരണം പലയിടത്തും മുടങ്ങിയത് സംസ്ഥാനത്ത് എവിടെ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാമെന്ന പോർട്ടബിലിറ്റി സംവിധാനം കാരണം. എന്നാൽ ഇത് മുൻകൂട്ടി കാണാൻ അധികൃതർക്കു കഴിഞ്ഞില്ല.

തങ്ങളുടെ സൗകര്യമനുസരിച്ചുള്ള കടകളിൽ റേഷൻ വാങ്ങാൻ എത്തിയതോടെ കാർഡുടമകളുടെ എണ്ണത്തിനനുസരിച്ചുള്ള സ്റ്റോക്ക് തികയാതെ വന്നു. കാർഡില്ലാത്തവർക്കും സത്യവാങ്മൂലം നൽകിയാൽ സൗജന്യ റേഷന് അർഹതയുണ്ടെന്ന് വന്നതോടെ കാർഡില്ലാത്തവരുമെത്തി. ഇതോടെ കണക്കുകൂട്ടൽ പാളി. പലയിടത്തും കട അടച്ചിടേണ്ട സ്ഥിതിയെത്തി.

ചിങ്ങവനം എഫ്.സി.ഐ ഗോഡൗണിൽ നിന്നുള്ള ലോഡ് സപ്ലൈകോ ഗോഡൗണിലെത്തിച്ച ശേഷമായിരുന്നു കടകളിൽ കൊണ്ടുവന്നത്. ഇത് റേഷൻ വിതരണത്തെ ബാധിച്ചതോടെ ജില്ലാ സപ്ലൈ ഓഫീസർ ഇടപെട്ട് എഫ്.സി.ഐ ഗോഡൗണിൽ നിന്നും നേരിട്ട് കടകളിലേക്ക് എത്തിക്കുകയായിരുന്നു.

തൊഴിലാളികളല്ല ഉത്തരവാദികൾ

കടകളിൽ സാധനം എത്താതിരിക്കുന്നതിന് കയറ്റിറക്കു തൊഴിലാളികളല്ല ഉത്തരവാദികൾ. ഇന്നലെ അവധിയായിട്ടും സൗജന്യ റേഷൻ വിതരണം തടസപ്പെടാതിരിക്കാൻ 58 തൊഴിലാളികളിൽ 55 പേരും എത്തി 38 ലോഡ് കയറ്റിയത്.

കെ.പി. ഷാജി, എഫ്.സി.ഐ വർക്കേഴ്സ്

അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം

എവിടെ നിന്നും വാങ്ങാം

പോർട്ടബിലിറ്റി സമ്പ്രദായം വേണ്ട സ്വന്തം കടയിലെ കാർഡ് ഉടമകൾക്ക് മാത്രം അരി നൽകിയാൽ മതി എന്ന് ചില റേഷനിംഗ് ഇൻസ്പെക്ടർമാർ റേഷൻ കട ഉടമകൾക്ക് നിർദേശം നൽകി. ഈ തെറ്റായ നിർദ്ദേശം നൽകിയ താലൂക്ക് സപ്ളൈ ഓഫീസർമാർക്കും റേഷനിംഗ് ഇൻസ്പെക്ടർമാർക്കുമെതിരേ നടപടി സ്വീകരിക്കണം. തൂക്കത്തിൽ കുറവു വരുത്തരുതെന്ന് റേഷൻ കടഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബേബിച്ചൻ മുക്കാടൻ, ദേശീയ ജനറൽ സെക്രട്ടറി.

ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോൺഗ്രസ്

സൗജന്യ റേഷൻ 30 വരെ

ജില്ലയിൽ സൗജന്യ റേഷൻ വിതരണത്തിന് തടസമില്ല. കാർഡുടമകൾ പോർട്ടബിലിറ്റി സംവിധാനം കൂടുതൽ പ്രയോജനപ്പെടുത്തിയെന്നത് ശരിയാണ്. സർക്കാർ ഇത് അനുവദിച്ചിട്ടുള്ളതിനാൽ ഏത് കടകളിൽ കാർഡുമായി ചെല്ലുന്നവർക്കും കടക്കാർ ഭക്ഷ്യ ധാന്യങ്ങൾ നൽകണം. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് നേരിട്ട് റേഷൻ കടകളിലേക്ക് സാധനമെത്തിക്കുന്നതിനാൽ സൗജന്യ റേഷൻ വിതരണം തടസപ്പെട്ടുവെന്ന പരാതി ഉയർന്നിട്ടില്ല. മേയ് പകുതി വരെയുള്ള ഭക്ഷ്യ ധാന്യം കടകളിൽ സ്റ്റോക്കുണ്ട്. ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വിതരണമുണ്ട്. തിരക്കു കുറക്കാൻ ഓരോ ദിവസവും കാർഡിലെ അവസാന അക്കം വെച്ചുള്ള വിതരണം സർക്കാർ നിശ്ചയിച്ചത് .പലരും ഇത് തെറ്റിദ്ധരിച്ച് ഒന്നിച്ച് റേഷന കടകളിൽ എത്തിയതാണ് ചില കടകളിൽ സ്റ്റോക്ക് ഇല്ലാതാകാൻ കാരണം. ഇത് അറിഞ്ഞ ഉടൻ സ്റ്റോക്കെത്തിച്ചു കൊടുത്തിട്ടുണ്ട്.

വി.ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസർ