കോട്ടയം: എണ്ണമില്ലാത്ത നാടകങ്ങൾക്ക് രംഗപടമൊരുക്കിയ ആർട്ടിസ്റ്റ് സുജാതൻ മനസിന്റെ കാൻവാസിൽ പിതാവിന്റെ സ്ഥാനത്താണ് എം.കെ. അർജുനനെ വരച്ചു ചേർത്തത്. മാഷിനാവട്ടെ മകനും. അരനൂറ്റാണ്ടിലേറെ കണ്ടും കരംപിടിച്ചും വരച്ചും പാടിയുമൊക്കെ ഒന്നിച്ചു ഇരുവരും.
'' 1963ൽ ഞാൻ മാഷിനെ ആദ്യം കണ്ടപ്പോഴുള്ള പ്രസന്നതയായിരുന്നു ഇന്നലെയും മുഖത്ത്. കലഹിക്കാനും കോപിക്കാനും മാഷിന് കഴിഞ്ഞിട്ടില്ല.''- ആർട്ടിസ്റ്റ് സുജാതന്റെ കണ്ണുകൾ നിറഞ്ഞു. പതിമ്മൂന്നാം വയസിൽ തുടങ്ങിയതാണ് മാഷുമായുള്ള ബന്ധം. അച്ഛൻ ആർട്ടിസ്റ്റ് കേശവനെക്കാണാൻ ദേവരാജനൊപ്പം തിരുവാതുക്കലെ വീട്ടിലെത്തിയ അർജുനൻ മാഷിന്റെ അരികിൽ കുട്ടിനിക്കറുമിട്ട് നിന്ന ആനിമിഷം മറന്നിട്ടില്ല. ഈ ജനുവരി ഒന്നിനാണ് അദ്ദേഹം എന്നെ അവസാനം വിളിച്ചത്. ന്യൂ ഇയർ ആശംസ പറയാൻ, അന്നും ഒരുപാട് സംസാരിച്ചു''.
അദ്ദേഹം അമ്പരപ്പിച്ച സംഭവവങ്ങളും ഉണ്ടായിട്ടുണ്ട്. '' ഒരു രാത്രി കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ വാടക കെട്ടിടത്തിലെത്തിയതാണ് മാഷ്. രാവിലെ വെള്ളവും ചൂലുമേന്തി കക്കൂസ് വൃത്തിയാക്കുന്നതാണ് കണ്ടത്. അന്ന് നാടക ലോകത്ത് അറിയപ്പെടുന്നയാളാണ് മാഷ്. പല ക്യാമ്പുകളും പിരിയുമ്പോൾ കുന്നുകൂടിക്കിടക്കുന്ന ബീഡിക്കുറ്റിയും തീപ്പെട്ടിക്കൊള്ളിയുമൊക്കെ തൂത്ത് മാറ്റുന്നത് കണ്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ ശിഷ്യൻ കുമരകം രാജപ്പൻ 57-ാം വയസിൽ മരിച്ചു. രാജപ്പന്റെ കുടുംബത്തിന്റെ ബാദ്ധ്യത തീർക്കാൻ മുന്നിട്ടിറങ്ങിയത് മാഷായിരുന്നു. മാഷിന് സ്നേഹിക്കാൻ മാത്രമേ അറിയൂ...