അടിമാലി: ലോക് ഡൗൺ കാലത്ത് വീടുകളിൽ മൈക്രോ ഗ്രീൻ പച്ചക്കറി കൃഷിക്കായുള്ള വിത്തുകൾ ദേവികുളം ബ്ലോക്കിൽ എത്തിയിട്ടില്ല.
ലോക് ഡൗൺ കാലത്ത് വീടുകളിൽ ഇരിക്കുന്നവരുടെ മാനസിക ഉല്ലാസത്തിനും ആരോഗ്യത്തിനും
മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് കൃഷി വകുപ്പ് മൈക്രോ ഗ്രീൻ പദ്ധതി ആരംഭിച്ചത്. ജില്ലയിലെ മറ്റ് ബ്ലോക്കുകളിൽ വിതരണം പൂർത്തിയായി. ദേവികുളത്ത് 18,500 വിത്തുകളാണ് എത്തേണ്ടത്.വി.എഫ്.പി.സി.കെ യാണ് വിത്തുകൾ എത്തിക്കേണ്ടത്.
കൃഷി വകുപ്പ് ഫാമുകൾ, കാർഷിക കർമ്മസേന, വി.എഫ്.പി.സി.കെ, കേരള കാർഷിക സർവ്വകലാശാല എന്നിവയുടെ നേതൃത്വത്തിൽ 50 ലക്ഷം കുടുംബങ്ങൾക്ക് വേണ്ട വിത്ത് പാക്കറ്റുകളും പച്ചക്കറിതൈകളും ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്നായിരുന്നു കൃഷി വകുപ്പ് അറിയിച്ചത്. ഇതാണ് ദേവികുളത്ത് മാത്രം എത്താത്തത്. ട്രഷറി വഴി ബിൽ മാറുന്നതിന് വന്ന തടസ്സമാണ് വിത്ത് വിതരണം താമസിക്കാൻ കാരണമെന്ന് താലൂക്ക് കൃഷി ഓഫീസർ താഹ പറഞ്ഞു.
ഏതാനും ദിവസങ്ങളായി കർഷകർ കൃഷിഭവനുകൾ കയറിയിറങ്ങുന്നു. കൃഷി ഉദ്യോഗസ്ഥർ ഓഫീസുകളിൽ നേരത്തെ ഇരിക്കുന്ന വാഴതൈകളും, കാലഹരണപ്പെട്ട പച്ചക്കറി വിത്തുകളും നൽകി വരുന്നവരെ തിരികെ അയ്ക്കുകയാണ്. അതാത് പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോൺസ് ടീം, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഇവ എല്ലാ കുടുംബങ്ങൾക്കും എത്തിക്കാനായിരുന്നു പദ്ധതി.എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടർമാർ , പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ എന്നിവർ ഇതിനു വേണ്ട സംവിധാന ക്രമങ്ങൾ ഒരുക്കിയാണ് വകുപ്പ് പദ്ധതി നടപ്പിലാക്കിയത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പദ്ധതി തുടങ്ങിയത്.ഇതിനായി തുകയും വകയിരുത്തി.ഇതിനിടെ കൃഷി വകുപ്പ്കുടുംബകൃഷി വ്യാപകമാകുന്നതിനും പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടും ജീവനി എന്ന പദ്ധതിയും ആരംഭിച്ചിരുന്നു. ഇതും പാതിവഴിയിലാണ്