കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോട്ടയം ജനറൽ ആശുപത്രിയിൽ കൊവിഡ് പരിചരണത്തിനായി 25 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ തുക ഉപയോഗിച്ച് ഐസൊലേഷൻ പേ വാർഡ്, ഐസൊലേഷൻ ഐ.സി.യു, ജീവനക്കാർക്ക് ആവശ്യമായ പി.പി.ഇ കിറ്റ്, മാസ്‌ക്, സാനിറൈറസർ എന്നിവയും ആവശ്യ മരുന്നുകളും വെന്റിലേറ്റർ സൗകര്യവും ക്രമീകരിക്കും. പ്രവർത്തനങ്ങളെല്ലാം അടിയന്തര പ്രാധാന്യത്തോടെ നിർവഹിക്കുന്നതിന് ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്ക് ജില്ലയിൽ ലഭ്യമല്ലാത്ത ജീവൻരക്ഷാ ഔഷധങ്ങൾ ലഭ്യമാക്കും. അനാഥാലയങ്ങൾക്കും, മാനസികരോഗ പുനരധിവാസ കേന്ദ്രങ്ങൾക്കും പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി സൗജന്യ ഭക്ഷണം നൽകും. ഇതിനായി ജില്ലാ സാമൂഹിക നീതി ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലയിലെ ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ ഭക്ഷണ ലഭ്യതയും ഉറപ്പാക്കും.