കോട്ടയം: അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ കോട്ടയം ജില്ലയിലെ രോഗികൾക്ക് ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്ത പക്ഷം കോട്ടയം ജനറൽ ആശുപത്രി മുഖേന ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. പരമാവധി ഒരു മാസത്തേക്ക് ഈ സൗകര്യം ലഭ്യമാക്കാനാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് സൗജന്യമായും അല്ലാത്തവർക്ക് മരുന്നിന്റെ വില വാങ്ങിയുമായിരിക്കും മരുന്നു നൽകുക. മരുന്ന് ആവശ്യമുള്ള രോഗികൾ കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് നിർദ്ദേശാനുസരണം രൂപീകരിച്ചിട്ടുള്ള ഹെൽപ്പ് ഡെസ്ക്കിലെ മൊബൈൽ ഫോൺ നമ്പറുകളായ 9400268137, 9847393712 എന്നിവയിൽ മരുന്നിന്റെ പ്രിസ്ക്രിപ്ഷൻ, ആധാർ കാർഡ്, റേഷൻ കാർഡ് ഇവ വാട്സാപ്പ് ചെയ്തു നൽകണം. മരുന്നിന്റെ പ്രിസ്ക്രിപ്ഷൻ മെഡിക്കൽ ടീം പരിശോധിച്ച് ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യത മാത്രമേ ഉറപ്പുവരുത്തുകയുള്ളൂ. കേരളത്തിൽ ലഭ്യമല്ലാത്ത മരുന്നുകൾ സംസ്ഥാന ഗവൺമെന്റ്ുമായും പാർലമെന്റ് അംഗങ്ങളുമായും മറ്റും ബന്ധപ്പെട്ട് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ ലഭ്യമാണെങ്കിൽ കാർഗോ ഫ്ലൈറ്റുകൾ മുഖാന്തിരം എത്തിക്കുന്നതിനും ശ്രമിക്കും. ഇപ്രകാരം മരുന്നുകൾ ആവശ്യമുള്ള രോഗികൾ വെള്ളിയാഴ്ച 5 മണിയ്ക്കകം വാട്സാപ്പ് മെസേജ് അയക്കേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.