കോട്ടയം: പൊലീസിന്റെ പരിശോധനയിൽ അയവുവന്നതോടെ നാട്ടുകാർ റോഡിലിറങ്ങിത്തുടങ്ങി. പച്ചക്കറിയും പലചരക്കും വാങ്ങാനെന്ന പേരിൽ നൂറുകണക്കിന് വാഹനങ്ങളാണ് ഇന്നലെ നിരത്തിലിറങ്ങിയത്. പല മേഖലയിലുള്ള ആളുകൾക്കും കൊടുത്ത ഇളവ് പലരും മുതലെടുക്കുകയാണ്.
ജില്ലയിൽ ഇന്നലെ 177 കേസുകളിലായി 187 പേരെ അറസ്റ്റ് ചെയ്യുകയും 70 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. എന്നിട്ടും പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുതലായിരുന്നു. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവർ ആരുമില്ലല്ലോ എന്നാണ് റോഡിലിറങ്ങുന്നവരുടെ ഭാവം.
എന്നാൽ, മൂവായിരത്തിലേറെ ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നത് ഇവർ മറക്കുന്നു. ഇതിൽ രോഗബാധിത രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഇരുന്നൂറോളം പേരും നേരിട്ടല്ലാതെ സമ്പർക്കം പുലർത്തിയ 93 പേരുമുണ്ട്.
ആകാശ നിരീക്ഷണം വിപുലമാക്കും
ജില്ലയിലെ കൂടുതൽ മേഖലകളിൽ ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്താൻ പൊലീസ് നീക്കം. അത്യാവശ്യങ്ങൾക്കുവേണ്ടിയല്ലാതെ പുറത്തിറങ്ങുകയും നിയന്ത്രണം ലംഘിച്ച് കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. ലോക് ഡൗൺ ആരംഭിച്ചശേഷം നിയമലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 2700 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത എഴുന്നൂറോളം വാഹനങ്ങൾ ഇപ്പോൾ കസ്റ്റഡിയിലാണ്.