ചങ്ങനാശേരി: പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. അടുത്ത ഒൻപത് ദിവസത്തേക്കുള്ള അരി, സവോള, ഉരുളക്കിഴങ്ങ്, ആട്ട, പച്ചമുളക് എന്നിവയാണ് വിതരണം ചെയ്തത്.
ഏപ്രിൽ 14 വരെ 103 ക്യാമ്പുകളിലേക്കായി 4074 തൊഴിലാളികൾക്ക് ആകെ 14.5 ടൺ അരിയാണ് നൽകിയത്. ഇതിൽ 12.5 ടൺ കൺസ്യൂമർ ഫെഡിൽനിന്നും, രണ്ടു ടൺ മേഖലയിലെ കെട്ടിട ഉടമകളും നൽകി. മറ്റിനങ്ങൾ ഹോർട്ടികോർപ്പിൽനിന്നും സ്‌പോൺസർഷിപ്പ് മുഖേനയുമാണ് കണ്ടെത്തിയത്. സവോളയും കിഴങ്ങും 4.75 ടൺ വീതവും ആട്ട മൂന്നു ടണ്ണുമാണ് വിതരണം ചെയ്തത്. തൊഴിലാളികളുടെ പ്രതിനിധികളും അവർ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമയും നേരിട്ടെത്തി രേഖയിൽ ഒപ്പിട്ടാണ് ആവശ്യമുള്ള ഭക്ഷ്യ ധാന്യങ്ങൾ കൈപ്പറ്റിയത്. ഇന്നലെ രാവിലെ പത്തിന് തുടങ്ങിയ വിതരണം വൈകുന്നേരം ആറു വരെ നീണ്ടു. അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രന്റെ നേതൃത്വത്തിൽ ആർ.ഡി.ഒ ജോളി ജോസഫ്, തഹസിൽദാർ ജിനു പുന്നൂസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് എന്നിവർ വിതരണത്തിന്റെ മേൽനോട്ടം വഹിച്ചു.
പാലും തൈരും വിതരണം ചെയ്തു
പായിപ്പാട് ഗ്രാമപഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പാലും തൈരും വിതരണം ചെയ്തു. 4074 പേർക്കായി 1000 ലിറ്റർ പാലാണ് മിൽമയുടെ വടവാതൂർ ഡയറിയിൽ നിന്നും ലഭ്യമാക്കിയത്.