ചങ്ങനാശേരി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ചങ്ങനാശേരി താലൂക്കിൽ തകർന്ന് 20 വീടുകൾ.പായിപ്പാട്,തൃക്കൊടിത്താനം,മാടപ്പള്ളി പഞ്ചായത്തുകളിലാണ് നാശം ഏറെയും. പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിലായി 22 വൈദ്യുതി തൂണുകൾ തകർന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പായിപ്പാട് പഞ്ചായത്തിൽ 10,8,5,7,9 എന്നീ വാർഡുകളിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കൂടുതൽ വീടുകൾ തകർന്നത് 10-ാം വാർഡിലാണ്. നിരവധി മരങ്ങളും പോസ്റ്റുകളും തകർന്നു വീണിരുന്നു. അതേസമയം കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടില്ല. തൃക്കൊടിത്താനം പഞ്ചായത്തിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. നിരവധി മരങ്ങളും കൃഷിയും നശിച്ചിട്ടുണ്ട്. മാടപ്പള്ളി പഞ്ചായത്തിലും കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ അതാത് പഞ്ചായത്തിലെ പ്രസിഡന്റുമാർ, കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ സന്ദർശിച്ചു.