ഇടുക്കി : പട്ടാളപ്പുഴ ഇടുക്കിയിൽ എത്തി, ഏക്കറുകണക്കിന് സ്ഥലത്തെ പച്ചക്കറി കൃഷി കൂട്ടത്തോടെ തിന്നൊടുക്കി. ശാന്തൻപാറ, പാറത്തോട് പ്രദേശത്തെ കൃഷിയാണ് കൂട്ടമായി എത്തിയ പട്ടാളപ്പുഴ നശിപ്പിക്കുന്നത്. ഒരു മാസം മുമ്പ് എത്തിയ പുഴ ഇതിനോടകം ഏക്കറുകണക്കിന് കൃഷിയാണ് നശിപ്പിച്ചത്.
ചോളമാണ് പട്ടാളപ്പുഴവിന്റെ മുഖ്യ ആഹാരം. ഇടുക്കിയിൽ ചോളകൃഷി ഇല്ലാത്തതിനാലാണ് പച്ചക്കറി, കരിമ്പ് തുടങ്ങിയ വിളകളെ ആക്രമിക്കുന്നത്. കൃഷി വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെ ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രം മുന്നറിയിപ്പുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. പട്ടാളപ്പുഴുവിന്റെ ഉത്ഭവം അമേരിക്കയിലാണെന്ന് കാർഷിക ഗവേഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഇന്ത്യയിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പട്ടാളപ്പുഴുവിന്റെ ആക്രമണം രൂക്ഷമാണ്. എന്നാൽ ഇടുക്കിയുടെ ഗ്രാമപ്രദേശങ്ങളിൽ ഇതിന്റെ ആക്രമണം ഉണ്ടാവുന്നത് ആദ്യമായാണെന്നും ഗവേഷണ കേന്ദ്രം പറയുന്നു.
കൃത്യമായ ഇടവേളകളിൽ വിളകൾ നടുന്നതിന് മുന്നോടിയായി മണ്ണ് കിളച്ചിടുകയും സൂര്യ രശ്മികളേറ്റാൽ പട്ടാളപ്പുഴുക്കൾ നശിപ്പിക്കുമെന്നും ഗവേഷണ കേന്ദ്രം വിദഗ്ധർ വ്യക്തമാക്കുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും കൃഷിസ്ഥലം നിരീക്ഷിച്ച് ഇവയുടെ മുട്ടകൾ കണ്ടാൽ ചതച്ചുകളയുകയോ മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുകയോ ചെയ്യണമെന്നാണ് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്കുന്നത്.